തിരുവനന്തപുരം
സംസ്ഥാനത്തെ 1550 വില്ലേജിലെ ഡിജിറ്റൽ റീ- സർവേക്ക് മന്ത്രിസഭയുടെ അനുമതി. നാല് ഘട്ടമായി പൂർത്തീകരിക്കുന്ന പദ്ധതിക്ക് 807.98 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിന് 339.438 കോടി രൂപ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളിലെ ഭൂരേഖ സേവനങ്ങളുടെ ഏകീകരണം ഇതിലൂടെ സാധ്യമാകും.
സെമി ഹൈസ്പീഡ്
റെയിൽവേ: സ്ഥലം
ഏറ്റെടുക്കാൻ അനുമതി
സെമി ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ മന്ത്രിസഭയുടെ അനുമതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ വില്ലേജുകളിൽനിന്നായി 955.13 ഹെക്ടറാണ് റെയിൽവേ ബോർഡിൽനിന്ന് അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കുക.
ഇതിനായി ഏഴ് തസ്തിക ഉൾപ്പെടുന്ന സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ ഓഫീസും ജില്ലകൾ ആസ്ഥാനമായി 18 തസ്തികവീതം ഉൾപ്പെടുന്ന 11 സ്പെഷ്യൽ തഹസീൽദാർ ഓഫീസും രൂപീകരിക്കും.
ശമ്പള പരിഷ്കരണം:
അപാകം പരിഹരിക്കാൻ സെൽ
സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിലെ അപാകം പരിഹരിക്കാൻ ധനവകുപ്പ് അനോമിലി റെക്ടിഫിക്കേഷൻ സെൽ രൂപീകരിക്കും. ഇതിന്റെ ഭാഗമായി ഒരു വർഷത്തേക്ക് ജോയിന്റ് സെക്രട്ടറി, സെക്ഷൻ ഓഫീസർ, മൂന്ന് അസിസ്റ്റന്റ് തസ്തിക രൂപീകരിക്കും. വിരമിച്ച ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.