ന്യൂഡൽഹി
ഡൽഹി അതിർത്തിയില്‍ കര്‍ഷകപ്രക്ഷോഭം ഒമ്പതുമാസം പിന്നിടുന്നതിന്റെ ഭാഗമായി 26ന് കർഷക സംഘടനകൾ അഖിലേന്ത്യ കൺവൻഷൻ സംഘടിപ്പിക്കും. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നായി നൂറുകണക്കിന് കർഷകസംഘടനാ പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കോര്‍പറേറ്റ് അനുകൂല കാര്‍ഷികനിയമങ്ങള്‍ പിന്‍വലിപ്പിക്കാൻ 2020 നവംബർ 26 നാണ് ഡൽഹി അതിർത്തിയില്‍ പ്രക്ഷോഭം തുടങ്ങിയത്.
കർഷകരും കർഷകത്തൊഴിലാളികളും 75–-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. സംസ്ഥാനങ്ങളിൽ ത്രിവർണ പതാകകളുമായി ജാഥ സംഘടിപ്പിച്ചു. ഹരിയാനയിലും പഞ്ചാബിലും വനിതാ കർഷകർ നേതൃത്വം നൽകി. സിന്‍ഘു, ടിക്രി, ഷാജഹാൻപ്പുർ, പൽവൽ, ഗാസിപ്പുർ എന്നിവിടങ്ങളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. യുപിയിൽ കർഷകജാഥകൾ പൊലീസ് തടഞ്ഞു.
കര്‍ഷകര്‍ക്കായി
പ്രവാസികള്‍
വാൻകൂവർ, ലണ്ടൻ, സാൻജോസ്, സിയാറ്റിൽ, ടൊറന്റൊ, വിയന്ന എന്നിവിടങ്ങളില്‍ പ്രവാസികൾ മോദി സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടിനെതിരെ രംഗത്തുവന്നു. പ്രധാനമന്ത്രി മോദി രാജിവയ്ക്കണം എന്ന കൂറ്റന്‍ ബാനര്‍ ലണ്ടനിൽ തേംസ് നദിക്ക് കുറുകെയുള്ള വെസ്റ്റ്മിൻസ്റ്റർ പാലത്തിൽ ഉയർത്തി. കാർഷിക വിപണന സമിതികൾ പുനരുജ്ജീവിപ്പിച്ച് വികസിപ്പിക്കുമെന്ന ബിഹാർ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കർഷകസംഘടനകൾ സ്വാഗതം ചെയ്തു. കർഷകനിലപാട് ശരിവയ്ക്കുന്നതും നിയന്ത്രിത വിപണിയുടെ ആവശ്യകത ഉയർത്തിപ്പിടിക്കുന്നതുമാണ് തീരുമാനമെന്ന് കിസാൻ മോർച്ച വ്യക്തമാക്കി. തമിഴ്നാട്ടിൽനിന്ന് നൂറുകണക്കിന് കർഷകർ ഞായറാഴ്ച സിന്‍ഘു സമരകേന്ദ്രത്തിലെത്തി. കർണാടകത്തിൽനിന്ന് ഗാസിപ്പുരിലെ സമരകേന്ദ്രത്തിൽ കൂടുതൽ കർഷകർ എത്തി.