ലണ്ടൻ: മാനസികാരോഗ്യം സംബന്ധമായ കാര്യങ്ങളാൽ ക്രിക്കറ്റിൽ നിന്നും അവധി എടുത്ത് നിൽക്കുന്ന ഇംഗ്ലണ്ട് സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ മടങ്ങി വരാൻ നിർബന്ധിക്കില്ലെന്ന് മുഖ്യ പരിശീലകൻ ക്രിസ് സിൽവർവുഡ്. ഇന്ത്യക്കെതിരെ ലോർഡ്സിലെ രണ്ടാം ടെസ്റ്റിൽ ടീം 151 റൺസിന്റെ തോൽവി വഴങ്ങിയതിനു പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇല്ല, എന്റെ വീക്ഷണത്തിൽ ആരും നിർബന്ധിക്കുന്നില്ല.ഇത്തരം കാര്യങ്ങളിൽ നിർബന്ധിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ കാത്തിരിക്കും, അവൻ തയ്യാറാണെന്ന് അറിയിക്കുന്നത് വരെ കാത്തിരിക്കും” സിൽവർവുഡ് പറഞ്ഞു.
കഴിഞ്ഞ മാസം പാക്കിസ്ഥാനെതിരെ ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിനെ 3-0ന് വിജയത്തിലേക്ക് നയിച്ച ശേഷമാണു സ്റ്റോക്സ് ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാല ഇടവേളയെടുത്തത്. മാനസിക ആരോഗ്യം പോലുള്ള ലോലമായ വിഷയങ്ങളിൽ ആരെയും നിർബന്ധിക്കാൻ കഴിയില്ലെന്നും സിൽവർവുഡ് പറഞ്ഞു.
“ബെൻ സുഖമായിരിക്കുക, കുടുംബം സുഖമായിരിക്കുക എന്നതാണ് പ്രധാനം. കളിക്കാൻ തയ്യാറായി അവൻ ശക്തനായി തിരികെ വരുമ്പോൾ നിങ്ങൾക്കറിയാവുന്നത് പോലെ അവൻ ഇംഗ്ലണ്ടിനായി കളിക്കും.”
“ഒരു മറുപടിക്കായി പോലും ഞാൻ നിർബന്ധിക്കുന്നില്ല, അതൊരു ശരിയായ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അവന് പിന്തുണ നൽകുന്ന ഒരുപാട് പേരുണ്ട്. അവൻ തിരികെ വരാൻ തയ്യാറാകുമ്പോൾ ഞങ്ങൾ ഇരു കയ്യും നീട്ടി അവനെ സ്വീകരിക്കും, പക്ഷേ അതുവരെ അവന് വേണ്ട എല്ലാ പിന്തുണയും നൽകും” അദ്ദേഹം പറഞ്ഞു.
Also read: T20 World Cup 2021: ട്വന്റി 20 ലോകകപ്പ് മത്സരക്രമമായി; ഇന്ത്യയുടെ ആദ്യ എതിരാളി പാക്കിസ്ഥാന്
മൂന്നാം ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ബുധനാഴ്ച പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. ലോർഡ്സ് ടെസ്റ്റിൽ പരുക്കേറ്റ മാർക്ക് വുഡിന്റെ ഫിറ്റ്നസ് സംബന്ധിച്ചു ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്. മാർക്ക് വുഡിന് പകരം മറ്റാരെങ്കിലും ടീമിൽ എത്തുമോ എന്ന് കണ്ടറിയണം. ഹെഡിങ്ലിയിൽ ഓഗസ്റ്റ് 25ന് ആണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.
The post മടങ്ങിവരാൻ സ്റ്റോക്സിനെ നിർബന്ധിക്കില്ല; ഇംഗ്ലണ്ട് പരിശീലകൻ appeared first on Indian Express Malayalam.