കാസര്കോട്> കര്ണാടകത്തിലേക്ക് ചികിത്സയ്ക്കുപോകുന്നവരെ തടയരുതെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേരളത്തില്നിന്ന് ആംബുലന്സിലും സ്വകാര്യ വാഹനത്തിലും രോഗികള് പോകുന്നത് തടയരുതെന്ന് ജസ്റ്റിസുമാരായ എസ് മണികുമാര്, ഷാജി പി ചാലി എന്നിവരാണ് ഉത്തരവിട്ടത്. 25ന് വീണ്ടും കേസ് പരിഗണിക്കും. സിപിഐ എം കാസര്കോട് ജില്ലാ സെക്രട്ടറിയറ്റംഗം കെ ആര് ജയാനന്ദ നല്കിയ ഹര്ജിയിലാണ് ഉത്തരവ്.
കേന്ദ്രസര്ക്കാരും കര്ണാടക, കേരള സര്ക്കാരുകളുമടക്കം എട്ടുപേരെ കക്ഷിചേര്ത്ത് ഹൈക്കോടതി നോട്ടീസ് അയച്ചു. കര്ണാടകത്തിലേക്കുള്ള 24 റോഡും അടച്ചശേഷം, 72 മണിക്കൂറിനുള്ളിലെ ആര്ടിപിസിആര് നെഗറ്റീവ് സര്ട്ടിഫിക്കറ്റുണ്ടായാലേ കടത്തിവിടൂ എന്നായിരുന്നു കര്ണാടക സര്ക്കാരിന്റെ നിലപാട്. ഇത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. പ്രക്ഷോഭത്തിനൊപ്പം നിയമപരമായും നേരിടാന് സിപിഐ എം തീരുമാനിച്ചതിന്റെ ഭാഗമായാണ് ജയാനന്ദ ഹര്ജി നല്കിയത്. ഹര്ജിക്കാരനുവേണ്ടി അഭിഭാഷകരായ പി വി അനൂപ്, സിജോ പ്രതീഷ് അനൂപ്, ജി ചന്ദ്രമോഹന് എന്നിവര് ഹൈക്കോടതിയില് ഹാജരായി.