തിരുവനന്തപുരം> ഓരോ അഞ്ചുവര്ഷത്തിലും വോട്ട് ചെയ്ത് സര്ക്കാരിനെ തിരഞ്ഞെടുക്കുന്നുന്നത് കൊണ്ടു മാത്രം ജനാധിപത്യം അര്ത്ഥപൂര്ണമാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അധികാരത്തിന്റെ പ്രയോഗത്തില് ജനങ്ങള്ക്ക് ഇടപെടാന് കഴിയണം. ജനങ്ങളുടെ പങ്കാളിത്തവും മുന്കൈയും ഉറപ്പാകണം . ആ ലക്ഷ്യത്തിലേക്കുള്ള ഉജ്ജ്വലമായ തുടക്കമായിരുന്നു ജനകീയാസൂത്രണത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമാകെ ശ്രദ്ധിച്ച കേരളത്തിന്റെ വികസന മാതൃകയായ ജനകീയാസൂത്രണ പ്രസ്ഥാനം രജതജൂബിലി നിറവില് മിഴിവോടെ നില്ക്കുകയാണ്. വികസന കാര്യങ്ങളില് താല്പ്പര്യമുള്ള നമ്മുടെ നാട്ടിലെ ജനങ്ങളുടെ പങ്കാളിത്തവും പിന്തുണയും ഉറപ്പാക്കിക്കൊണ്ട് വികസനം സര്വ്വതലസ്പര്ശിയാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ.
അധികാരവികേന്ദ്രീകരണത്തിന്റെ ഈ കേരള മാതൃക രാജ്യത്ത് വേറിട്ടു നില്ക്കുന്ന ഒന്നാണ്. 1957 ല് ആദ്യ ഗവണ്മെന്റ് അധികാരത്തില് വന്നതുമുതല് ജില്ലാതലത്തിലും പ്രാദേശികതലത്തിലുമുള്ള ഭരണസംവിധാനങ്ങള്ക്ക് അധികാരങ്ങള് കൈമാറുന്നതിനായി ഫലപ്രദമായ നടപടികള് സ്വീകരിക്കുന്നതിന് ഇടതുപക്ഷ ഗവണ്മെന്റുകള്ക്കു കഴിഞ്ഞിട്ടുണ്ട്. 1957 ലെ ഭരണപരിഷ്കാര കമ്മിഷന് റിപ്പോര്ട്ടും അതിന്റെ തുടര്ച്ചയായി തയ്യാറാക്കിയ ഡിസ്ട്രിക്ട് ബോര്ഡ് ബില്ലും 1991 ല് നിലവില് വന്ന ജില്ലാ കൗണ്സിലുകളുമെല്ലാം ഇതിലെ നാഴികക്കല്ലുകളാണ്.
1996 ല് വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാരിന്റെ വികസന മുന്ഗണനകളില് പ്രധാനപ്പെട്ടതായിരുന്നു ജനകീയ അധികാര വികേന്ദ്രീകരണം. സംസ്ഥാന ബജറ്റിന്റെ മൂന്നിലൊന്ന് സമ്പൂര്ണ്ണ ആസൂത്രണാധികാരത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് കൈമാറാനുള്ള രാഷ്ട്രീയ തീരുമാനം ചരിത്രപരമായ പ്രാധാന്യമുള്ളതായി. സെന് കമ്മിറ്റിയുടെയും, സംസ്ഥാന ധനകാര്യകമ്മീഷന്റെയും ശുപാര്ശകളുടെ അടിസ്ഥാനത്തില് 1999 ലും തുടര്ന്ന് 2000 ലും പാസാക്കിയ ഭേദഗതി നിയമങ്ങള് ജനങ്ങളുടെ സമ്പൂര്ണ്ണ പങ്കാളിത്തമുള്ള പ്രാദേശിക ആസൂത്രണത്തിന് നിയമപരമായ ചട്ടക്കൂടൊരുക്കി. വികസന പദ്ധതികളുടെ ആസൂത്രണത്തിലും നിര്വ്വഹണത്തിലും ജനകീയതാല്പ്പര്യം ഉറപ്പുവരുത്തിയ ജനകീയ പദ്ധതിയായി ഒമ്പതാം പഞ്ചവല്സര പദ്ധതി മാറി.
ഭരണഘടനാ ഭേദഗതി നിയമങ്ങളുടെ സാദ്ധ്യതകള് പൂര്ണ്ണമായും പ്രയോജനപ്പെടുത്തി അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിനാണ് ജനകീയാസൂത്രണത്തിലൂടെ തീരുമാനമെടുത്തത്. അത് കേവലം ഭരണാധികാരങ്ങള് കൈമാറുന്നതില് ഒതുങ്ങിനിന്നില്ല. സാമ്പത്തിക അധികാരങ്ങളും ഫണ്ടും കൂടി കൈമാറി. അതുകൊണ്ടാണ് ഗ്രാമതലങ്ങളില് വരെ പ്രകടമായ മാറ്റങ്ങള് വരുത്താന് കഴിഞ്ഞത്.
ഒമ്പതാം പദ്ധതി ജനകീയ പദ്ധതി എന്ന ജനകീയാസൂത്രണത്തിന്റെ സമീപനരേഖ 1996 ജൂലൈയില് ഔപചാരികമായി കേരള സര്ക്കാര് അംഗീകരിച്ചു. മാര്ഗ്ഗനിര്ദ്ദേശം നല്കിയത് ഇ എം എസ് ചെയര്മാനായ ഉന്നതതല മാര്ഗ്ഗ നിര്ദ്ദേശക സമിതിയാണ്. തദ്ദേശ ഭരണ വകുപ്പു മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു സമിതിയുടെ കണ്വീനര്. ഈ സമിതിയുടെ പ്രഥമ യോഗം 1996 ആഗസ്റ്റ് 17 ന് തിരുവനന്തപുരത്ത് ചേരുകയും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര് നിര്വ്വഹിക്കുകയും ചെയ്തു.
ആദ്യഘട്ടത്തില് അഭിമുഖീകരിക്കേണ്ടി വന്ന പ്രധാന വെല്ലുവിളി മുന് അനുഭവങ്ങളുടെ അഭാവമായിരുന്നു. ജനകീയാസൂത്രണ കാലത്തെ ആദ്യ വാര്ഷികപദ്ധതി തയ്യാറായത് ഒരു വര്ഷത്തിലേറെ നീണ്ടുനിന്ന തയ്യാറെടുപ്പുകള്ക്കൊടുവിലാണ്. ആസൂത്രണ ഗ്രാമസഭ, വാര്ഡ് സഭ, കര്മ്മ സമിതികള്, ജില്ലാ ആസൂത്രണസമിതി എന്നിവയടങ്ങുന്ന ആസൂത്രണ ചട്ടക്കൂട് ജനകീയാസൂത്രണത്തിന്റെ ഘടനാപരമായ അസ്തിവാരം ബലപ്പെടുത്തി. രാജ്യത്താദ്യമായി പദ്ധതിവിഹിതത്തിന്റെ 10 ശതമാനം സ്ത്രീകള്ക്കുവേണ്ടി മാറ്റിവെക്കാന് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്ക്കായത് ഇതിന്റെ ഫലമായാണ്.
വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ ആരംഭിച്ചപ്പോള് മുന്നോട്ടുവെച്ച പ്രാദേശിക വികസനമെന്ന ലക്ഷ്യത്തില് നിന്നും കൂടുതല് വിപുലമായി ചിന്തിക്കാനും ആസൂത്രണം നടത്താനും സാധിക്കുന്ന വിധത്തില് നമ്മുടെ പ്രാദേശിക സര്ക്കാരുകള് വളര്ന്നിട്ടുണ്ട്. ആ ശാക്തീകരണത്തിന്റെ ഭാഗമായാണ് മഹാപ്രളയത്തെയും പ്രകൃതിക്ഷോഭങ്ങളെയും കോവിഡ് മഹാമാരിയെയും പ്രതിരോധിക്കുന്നതിന് സംസ്ഥാന സര്ക്കാരിന്റെ ഏകോപനത്തില് പ്രാദേശിക സര്ക്കാരുകള്ക്ക് സാധിച്ചത്. കോവിഡ് മഹാമാരി ഉയര്ത്തിയ വെല്ലുവിളികളെ നേരിടുന്നതിലും ജനങ്ങളുടെ ആരോഗ്യസുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിലും പ്രശംസനീയമായ സംഭാവനകള് നല്കുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്ക്കായത് ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ വളര്ത്തിയെടുത്ത ജനകീയ പിന്ബലവും, അവരില് ജനങ്ങള്ക്കുള്ള ഉയര്ന്ന വിശ്വാസവും മൂലമാണ്.
2016 ലെ എല് ഡി എഫ് സര്ക്കാര് പതിമൂന്നാം പദ്ധതിയില് പ്രാദേശിക വികസന കാഴ്ചപ്പാടുകളില് വരുത്തിയ മാറ്റത്തിലൂടെ ജനകീയാസൂത്രണത്തിന് പുതിയൊരു ദിശ കൈവരിക്കാനായി. പ്രാദേശിക വികസന ലക്ഷ്യത്തില് നിന്നും സുസ്ഥിര വികസന ലക്ഷ്യത്തിലേക്കുള്ള കാല്വെപ്പായിരുന്നു അത്.
കേരള വികസന മാതൃകയുടെ രണ്ടാം ഘട്ടത്തിന് പതിമൂന്നാം പദ്ധതിയില് തുടക്കം കുറിച്ചു. നവകേരളത്തിന് ജനകീയാസൂത്രണം എന്ന മുദ്രാവാക്യമാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്ക്കാര് മുന്നോട്ടു വെച്ചത്. ജനകീയാസൂത്രണ പദ്ധതികളുടെ സുപ്രധാന നേട്ടങ്ങളില് ഒന്ന് സാമൂഹ്യ പാര്പ്പിട പദ്ധതിയുടേതാണ്. സ്വന്തമായി വീടില്ലാത്ത ഒരാള് പോലും സംസ്ഥാനത്തുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ലൈഫ് പാര്പ്പിട പദ്ധതിയുടെ ഭാഗമായി മാത്രം രണ്ടര ലക്ഷം വീടുകളാണ് പുതുതായി നിര്മ്മിച്ചത്. ഈ പ്രവര്ത്തനം ഈ സര്ക്കാരിന്റെ കാലത്തും തുടര്ന്നുവരികയാണ്.
പ്രാദേശിക വികസനത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിക്കാന് കഴിഞ്ഞ മറ്റൊരു മേഖലയാണ് ഗ്രാമീണ കുടിവെള്ള വിതരണം. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് ഈ പദ്ധതി വളരെയധികം മുന്നോട്ടുകൊണ്ടുപോകാനായി. ഏറെ താമസിയാതെ മുഴുവന് വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാന് കഴിയുന്ന സംസ്ഥാനമായി കേരളം മാറും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സേവന പ്രദാന പ്രവര്ത്തനങ്ങളിലും ഓഫീസ് സംവിധാനം ആധുനികവത്കരിക്കുന്നതിലും ഇക്കാലയളവില് വലിയ നേട്ടങ്ങള് കൈവരിക്കാനായി.
അധികാരവികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും ശ്രദ്ധേയമായ മറ്റൊരു നേട്ടം കുടുംബശ്രീയുടെ രൂപീകരണവും വളര്ച്ചയുമാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളോടൊപ്പം നിന്നുകൊണ്ട് സ്ത്രീശാക്തീകരണത്തിനും ദാരിദ്ര്യ നിര്മ്മാര്ജനത്തിനും പ്രവര്ത്തിക്കുന്ന ഏറ്റവും വലിയ സ്വയംസഹായ ശൃംഖലയായി കുടുംബശ്രീ ഉയര്ന്നു. ഇന്ത്യയില് ഏറ്റവും വേഗത്തില് ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളത്തിനു മാറാന് കഴിഞ്ഞതില് അധികാരവികേന്ദ്രീകരണം സുപ്രധാന ഘടകമാണ്.
എല് ഡി എഫ് സര്ക്കാരിന്റെ ഭരണത്തുടര്ച്ചയില്, പ്രാദേശിക സര്ക്കാരുകളുടെ വഴിത്താരകള് കൃത്യമായി നിര്ണയിച്ചാണ് മുന്നോട്ടുപോവുന്നത്. ഏറ്റെടുക്കുന്ന പദ്ധതികളിലൂടെ ഗുണനിലവാരവും ഫലപ്രാപ്തിയും ഉറപ്പാക്കും. വികസന പ്രശ്നങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് വിശാലമായ കാഴ്ചപ്പാടില് നോക്കിക്കാണണം. നഗരവല്ക്കരണം, മാലിന്യസംസ്കരണം, വയോജന സംരക്ഷണം, രണ്ടാം തലമുറ വികസന പ്രശ്നങ്ങള്, ദുരന്തനിവാരണം എന്നീ വിഷയങ്ങള് പ്രാദേശികതലത്തില് തന്നെ ആസൂത്രണം ചെയ്ത് പരിഹരിക്കാന് ശ്രമിക്കേണ്ടതുണ്ട്. പ്രാദേശിക സര്ക്കാരുകള്ക്ക് കൂടുതല് പ്രവര്ത്തന സ്വാതന്ത്ര്യം നല്കി, അവരുടെ ഉത്തരവാദിത്തങ്ങളും ഇടപെടലുകളും വിപുലവും ഊര്ജ്ജസ്വലവുമാക്കണം.
പതിനാലാം പദ്ധതിയ്ക്ക് രൂപം നല്കുമ്പോള് നേരത്തെ അഭിമുഖീകരിച്ച കുറവുകള് പരിഹരിച്ച്, ഗുണമേന്മയുള്ളതും സുസ്ഥിരവും സര്വ്വതലസ്പര്ശിയുമായ പദ്ധതി രൂപീകരണവും നിര്വ്വഹണവും ഉറപ്പുവരുത്തണം.ദാരിദ്ര്യത്തിലകപ്പെട്ടുപോയവരെ മോചിപ്പിക്കുന്നതും പുരോഗമനപരമായ മാറ്റങ്ങള്ക്ക് പ്രാപ്തമാക്കുന്നതുമായ നൂതനമായ പരിപാടികളും പദ്ധതികളുമാണ് പ്രാദേശിക സര്ക്കാരുകള് ആവിഷ്കരിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ഗ്രാമ-നഗര പരിവര്ത്തനത്തിന്റെ കേന്ദ്രബിന്ദുക്കളായി മാറണം.
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി സംയോജിത സമീപനം കൈക്കൊള്ളേണ്ടതുണ്ട്.
ജില്ലയ്ക്കോ, സംസ്ഥാനത്തിനാകെ തന്നെയോ ഗുണം ലഭിക്കുന്ന സംയോജന സാധ്യതയുള്ള പദ്ധതികള് കണ്ടെത്താന് പ്രാദേശിക സര്ക്കാരുകള് ശ്രമിക്കണം. ദീര്ഘകാല ലക്ഷ്യപ്രാപ്തിക്ക് വേണ്ടി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുമ്പോള് ആവശ്യമായ പിന്തുണ സര്ക്കാര് നല്കും. വ്യവസായം, കൃഷി, ഉല്പ്പാദനം, ടൂറിസം തുടങ്ങിയ മേഖലകളില് അടിസ്ഥാനസൗകര്യ മികവിനും സംയോജനത്തിനും സാധ്യതയുള്ള പദ്ധതികളുമായി പ്രാദേശിക സര്ക്കാരുകള് മുന്നോട്ടുവരണം. ഇതിനാവശ്യമായ പിന്തുണാ സംവിധാനം ജില്ലാ ആസൂത്രണ സമിതികള്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കും നല്കാനായി ജില്ലാ റിസോഴ്സ് സെന്ററുകളെ കൂടുതല് ശക്തിപ്പെടുത്തേണ്ടതുണ്ട്.
വിശാലമായ കാഴ്ചപ്പാടോടുകൂടി നഗരാസൂത്രണം നടപ്പിലാക്കേണ്ടതുണ്ട്. പരിസ്ഥിതിയെക്കൂടി കണക്കിലെടുത്തു കൊണ്ടുള്ള ഇടപെടലാണ് നമുക്കാവശ്യം. മഹാപ്രളയവും കോവിഡ് മഹാമാരിയുമൊക്കെ ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രമല്ല ബാധിച്ചത്. ദുരന്തങ്ങള് വിതയ്ക്കുന്ന നാശനഷ്ടങ്ങളുടെ കാഠിന്യം കുറയ്ക്കാന് പ്രാദേശികമായ ഇടപെടലുകളിലൂടെ സാധിക്കും.
നമ്മുടെ തൊഴില്ശക്തിയുടെ ഒമ്പത് ശതമാനം പേര് തൊഴില്രഹിതരാണ്. നമ്മുടെ ജനസംഖ്യയുടെ 52 ശതമാനം വനിതകള് ആണ്. അവരുടെ തൊഴില്സേനാ പങ്കാളിത്ത നിരക്ക് 24.6 ശതമാനം മാത്രമാണ്. തൊഴില്രഹിതരായ യുവജനങ്ങളും സംസ്ഥാനത്ത് ഏറെയുണ്ട്. വര്ഷാവര്ഷം തൊഴിലധിഷ്ഠിത കോഴ്സുകള് പഠിച്ചിറങ്ങിയ അഭ്യസ്തവിദ്യരായ തൊഴില്രഹിതരുടെ എണ്ണം വേറെയും. വളരെ വലിയ സംഖ്യയാണിത്. ഈ തൊഴില്ശക്തിയെ പൂര്ണമായും ഫലപ്രദമായും വിനിയോഗിക്കുന്നതിനുള്ള പ്രാദേശിക സാധ്യതകള് കണ്ടെത്തേണ്ടതുണ്ട്.
കാര്ഷികമേഖല അടക്കമുള്ള ഉല്പ്പാദന മേഖലകളിലും വ്യവസായ, സേവന മേഖലകളിലും സ്റ്റാര്ട്ടപ്പുകള് മുഖേനയുമൊക്കെ തൊഴില് സൃഷ്ടിക്കാനാവും. പുതിയ സാധ്യതകള് സൃഷ്ടിക്കുവാനുള്ള ശ്രമം ഉയര്ന്നുവരികയാണ്.പ്രാദേശികമായി ലഭ്യമാവുന്ന ഉല്പ്പന്നങ്ങളില് നിന്നും മൂല്യവര്ധിത ഉല്പ്പന്നങ്ങളുണ്ടാക്കാന് വ്യവസായ മേഖലയെ ഉപയോഗപ്പെടുത്തണം. ചെറുകിട, പരമ്പരാഗത, കുടില്-തൊഴില് സംരംഭങ്ങള് പുനരുജ്ജീവിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. മികച്ച പിന്തുണാസംവിധാനങ്ങളിലൂടെ ഇത്തരം മേഖലകളെ ഊര്ജ്ജിതപ്പെടുത്താനാവും. സാങ്കേതിക നൂലാമാലകള് ഇല്ലാതാക്കിയും, നടപടിക്രമങ്ങള് ലളിതമാക്കിയും ആധുനിക സങ്കേതങ്ങള് ഉപയോഗപ്പെടുത്തിയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്ത്തനത്തിലും, പദ്ധതി പ്രവര്ത്തനത്തിലും സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുകയെന്ന കാഴ്ചപ്പാടോടെയാണ് സര്ക്കാര് മുന്നോട്ടുപോകുന്നത്.
ധനകാര്യവര്ഷം തുടങ്ങാറാവുമ്പോള് തിടുക്കപ്പെട്ട് നടത്തേണ്ട പ്രക്രിയയായി ആസൂത്രണത്തെ കാണരുത്. വികസനം എങ്ങിനെയാവണം എന്നതു സംബന്ധിച്ച തുടരന്വേഷണങ്ങളും പഠനങ്ങളും സംവാദങ്ങളും ഉണ്ടാകണം. ഓരോ തദ്ദേശഭരണ പ്രദേശത്തും നാടിന്റെ വികസനത്തേയും പൊതുനന്മയേയും കുറിച്ച് ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മ ഉണ്ടാവണം. ആ കൂട്ടായ്മ വികസിപ്പിക്കുമ്പോള് എല്ലാ പൗരന്മാരും നാടിന്റെ ആസൂത്രകരായി മാറും. ഗ്രാമസഭകളിലെ ജനപങ്കാളിത്തക്കുറവാണ് ഗൗരവത്തോടെ കാണേണ്ട മറ്റൊരു സംഗതി. ജനകീയ സംവാദങ്ങളും തുടര്ച്ചയായ ഇടപെടലുകളും വളര്ത്തിയെടുക്കേണ്ടതുണ്ട്. അതിനായി രാഷ്ട്രീയ പാര്ട്ടികളും ബഹുജന പ്രസ്ഥാനങ്ങളും സമൂഹമാകെത്തന്നെയും മുന്കൈയ്യെടുക്കേണ്ടതുണ്ട്.
പ്രാദേശിക സര്ക്കാരുകള്ക്ക് വിദഗ്ധരുടെയും വിദ്യാഭ്യാസ – ഗവേഷണ സ്ഥാപനങ്ങളുടെയും സേവനം വേണ്ടത്ര ലഭിക്കുന്നില്ല എന്നത് ഒരു പരിമിതിയാണ്. സര്ക്കാര് വകുപ്പുകളിലെ സാങ്കേതിക വിദഗ്ധരുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതി ഉയരാറുണ്ട്. വിജ്ഞാനവും വൈദഗ്ധ്യവും പ്രാദേശിക വികസന പദ്ധതികളും തമ്മിലുള്ള വിടവ് ഉണ്ടാവാതിരിക്കാനുള്ള ആലോചനകള് ഉണ്ടാവണം. അതിലൂടെ പ്രാദേശിക സര്ക്കാരിനൊപ്പം വിദ്യാഭ്യാസ- ഗവേഷണ സ്ഥാപനങ്ങള്ക്കും നേട്ടമുണ്ടാകുമെന്നത് കാണാതെ പോകരുത്. ജീവിത പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനങ്ങളും ഗവേഷണങ്ങളും അറിവിന്റെ അടിത്തറ കൂടുതല് വിപുലമാക്കും.
പൊതുസേവനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനും കാലോചിതമായി പരിഷ്കരിച്ച് നിലവാരം വര്ധിപ്പിക്കാനും നാം ശ്രമിക്കുന്നുണ്ട്. പക്ഷെ നാം വിഭാവനം ചെയ്യുന്ന നിലയില് ജനങ്ങള്ക്ക് ലഭ്യമാകുന്നില്ല എന്നതാണ് യാഥാര്ത്ഥ്യം. സ്വകാര്യ മേഖലയെ ആശ്രയിക്കാന് ജനങ്ങള് നിര്ബന്ധിതരാവുന്നതും ഇതിനാലാണ്. ലക്ഷ്യം വാക്കുകളില് മാത്രം പോര. അനുഭവത്തില്കൂടി വേണം.
പൊതുസ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ ഉറപ്പാക്കുന്നതിലൂടെ നവോത്ഥാന മൂല്യങ്ങളും മതനിരപേക്ഷതയും സാമൂഹ്യനീതിയും സംരക്ഷിക്കാനാവും. ഇക്കാര്യത്തില് വിവിധ വകുപ്പുകളും മിഷനുകളും പ്രാദേശിക സര്ക്കാരുകള്ക്ക് കരുത്ത് പകരേണ്ടതാണ്.വകുപ്പുകളുടെ പ്രവര്ത്തനങ്ങള് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് ഏകോപിപ്പിക്കുകയും സംയോജിപ്പിക്കുകയും വേണം. ഹരിതകേരളത്തെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം എല്ലാ വകുപ്പുകള്ക്കും സ്ഥാപനങ്ങള്ക്കുമുണ്ട്. ലൈഫ് ഭവനങ്ങള്ക്കായി സര്ക്കാരിനെ സമീപിക്കുന്നവര് ഇനിയുമുണ്ട്. കൂടുതല് സ്പോണ്സര്ഷിപ്പ് ഇതിനായി സമാഹരിക്കേണ്ടതുണ്ട്. മിഷനുകളുടെ പ്രവര്ത്തനങ്ങള് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള് കൂടി ഉപയോഗപ്പെടുത്തി കൂടുതല് മെച്ചപ്പെടുത്തും. കഴിഞ്ഞ കാലങ്ങളില് നിരീക്ഷണ സംവിധാനത്തിലുണ്ടായിരുന്ന പോരായ്മകള് പരിഹരിക്കുകയും ചെയ്യും.
ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടം മുതല് ആവര്ത്തിച്ച് പറയുന്നതാണ് നീര്ത്തടാധിഷ്ഠിത ആസൂത്രണമെന്നത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നീര്ത്തട പദ്ധതികള് ആസൂത്രണം ചെയ്യുന്നതിന് വിപുലമായ ക്യാമ്പയിന് സംഘടിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് മിക്കവയിലും നീര്ത്തട വികസന റിപ്പോര്ട്ടുകള് നിലവിലുണ്ട്. അവ കാലികമാക്കുന്നതിനൊപ്പം റിപ്പോര്ട്ട് തയ്യാറാക്കിയിട്ടില്ലാത്ത സ്ഥാപനങ്ങളില് തയ്യാറാക്കുകയും വേണം.നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് പലതും ഐ എസ് ഒ സര്ട്ടിഫിക്കറ്റ് നേടിയവയാണ്. എന്നാല്, അവിടങ്ങളിലെ സേവനങ്ങള് മികച്ചതാണോ എന്നത് സംബന്ധിച്ചുള്ള സോഷ്യല് ഓഡിറ്റിംഗ് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വേളയില് അര്ത്ഥവത്താണ്. ഓരോ മേഖലയ്ക്കും ഗുണമേന്മാ സൂചികകള് നിജപ്പെടുത്തുകയും വേണം. ആ നിലയ്ക്ക് ഒരു ഗുണമേന്മാ പരിശോധന ആലോചനയിലുണ്ട്.
ജനകീയാസൂത്രണ പ്രവര്ത്തനങ്ങളില് യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം. പുതിയ അറിവുകളും സാങ്കേതിക വിദ്യാ പ്രയോഗങ്ങളും നാടിന്റെ വികസന പ്രശ്നങ്ങള്ക്കു വേണ്ടി ഉപയോഗപ്പെടുത്താന് മറ്റാരേക്കാളും അവര്ക്ക് കഴിയും. ഗ്രാമസഭകള് മുതല്ക്കിങ്ങോട്ട് യുവജന പങ്കാളിത്തം ഉറപ്പിക്കാനുള്ള ബോധപൂര്വ്വമായ ഇടപെടല് ഉണ്ടാവണം. നവമാധ്യമങ്ങളുടെ സാധ്യതയും പരമാവധി ഉപയോഗപ്പെടുത്തണം. വീടുകളില് ഇരുന്നുതന്നെ സേവനങ്ങള് ജനങ്ങള്ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണ് ഉണ്ടാക്കുക.
സംസ്ഥാനം സാമൂഹിക മേഖലയില് കൈവരിച്ച നേട്ടങ്ങള് നിലനിര്ത്തിക്കൊണ്ട് സുസ്ഥിരവികസനത്തിന്റെ പാതയിലേക്ക് കുതിക്കേണ്ട പദ്ധതികള്ക്കാണ് പതിനാലാം പദ്ധതിയില് ഊന്നല് നല്കേണ്ടത്. സംയോജിത വികസന പ്രോജക്ടുകള് നടപ്പിലാക്കാന് സാധിക്കണം. ഭരണ സംവിധാനത്തെ കൂടുതല് ജനകീയവും കാര്യക്ഷമവും ഗുണപരവുമാക്കി മാറ്റുന്നതിന് ഊന്നല് നല്കി മുന്നോട്ടുപോവണം. പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് കൂടുതല് ചെറുകിട സംരംഭങ്ങളിലേക്ക് ജനങ്ങളെ ആകര്ഷിക്കാനുതകുന്ന ഉത്പാദനമേഖലകള് വളര്ത്തിയെടുക്കേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യകള് ബോധപൂര്വം ഉപയോഗപ്പെടുത്തണം. സ്ഥലപരമായ ആസൂത്രണത്തിനും പ്രാധാന്യം നല്കേണ്ടതുണ്ട്.
കൂടുതല് സംരംഭകര് വരുമ്പോള് ആകര്ഷകമായ സൗകര്യങ്ങള് ഒരുക്കേണ്ടതുണ്ട്. സാങ്കേതികത്തികവോടുകൂടിയ വിവര-വിതരണ ശൃംഖലകള് തീര്ക്കണം. അത് കാലികമായി നവീകരിക്കുകയും വേണം. നിയമങ്ങള് വ്യവസ്ഥാപിതമാക്കുന്നതിനൊപ്പം ജനപ്രതിനിധികള്ക്കും ഉദ്യോഗസ്ഥര്ക്കും സന്നദ്ധപ്രവര്ത്തകര്ക്കും നിയമസാക്ഷരത നല്കുന്നതിനാവശ്യമായ നടപടികള് ഉണ്ടാകണം. ജനങ്ങള്ക്കുള്ള നിയമ ബോധവല്ക്കരണവും ഇതിന് സമാന്തരമായി സംഘടിപ്പിക്കണം. സ്ത്രീപക്ഷ വികസന പ്രക്രിയയെ മുഖ്യധാരയിലേക്ക് ഉയര്ത്തുവാനുള്ള ക്രിയാത്മകമായ നടപടികള് ആവശ്യമാണ്. പട്ടികജാതി- പട്ടിവര്ഗ വിഭാഗങ്ങളടക്കമുള്ള പാര്ശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് വികസനത്തെ അഭിമുഖീകരിക്കാന് പതിനാലാം പദ്ധതികാലത്ത് സാധിക്കണം.
വികേന്ദ്രീകൃതാസൂത്രണത്തെ ഉല്പ്പാദനോന്മുഖമായി പുനരാവിഷ്കരിക്കണം.
പ്രളയത്തിന്റെ ദുരിതങ്ങളില് നിന്നും കരകയറും മുന്പ് കോവിഡ് മഹാമാരിയാണ് നമ്മെ ആക്രമിച്ചത്. അത് സൃഷ്ടിച്ച സാമ്പത്തിക, സാമൂഹിക, മാനുഷിക പ്രതിസന്ധികള്, മനുഷ്യജീവനും, ജീവനോപാധികളും, തൊഴിലും, തൊഴില് സംരംഭങ്ങളും എന്തിനേറെ സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ഉലച്ചു. വികസന പ്രവര്ത്തനങ്ങള്ക്കായി ബഡ്ജറ്റില് വകയിരുത്തിയ തുക വരെ കോവിഡ് പ്രതിരോധ, അതിജീവന പ്രവര്ത്തനങ്ങള്ക്കായി ചിലവഴിക്കേണ്ട സ്ഥിതി വന്നു. . ലക്ഷക്കണക്കിന് പ്രവാസികളുടെ മടങ്ങിവരവും തൊഴിലില്ലായ്മയും പ്രാദേശിക സര്ക്കാരുകള്ക്ക് മാത്രമല്ല, സംസ്ഥാന സര്ക്കാരിനും ഉയര്ത്തിയ വെല്ലുവിളി ചെറുതല്ല.
കോവിഡ് അതിജീവനത്തിന്റെ ഭാഗമായി ഇനിയും നൂതനമായ ആശയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യേണ്ടതായുണ്ട്. ആഗോളതലത്തില് കോവിഡ് മഹാമാരിയെ നേരിടാന് പല തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും പ്രാദേശികമായി നടത്തിയ പ്രതിരോധ പ്രവര്ത്തനങ്ങളാണ് വിജയം കണ്ടത്. കേരളം പ്രാദേശിക സര്ക്കാരുകളെ മുന്നിര്ത്തി നടത്തിയ പ്രവര്ത്തനങ്ങള് ലോകം ചര്ച്ച ചെയ്തു. പ്രാദേശിക സമ്പദ്ക്രമം ആഗോളതലത്തില് ചര്ച്ചയായി മാറി. കോവിഡിന്റെ ആഘാതത്തെ അതിജീവിക്കാനും ഉപജീവനമാര്ഗങ്ങള് പുനരുജ്ജീവിപ്പിക്കാനും സമ്പദ് വ്യവസ്ഥയെ ഉണര്ത്താനുമുള്ള ഇടപെടലുകള് പ്രാദേശിക തലത്തില് സംഘടിപ്പിക്കുക എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് മുന്നിലുള്ള വലിയൊരു ദൗത്യമാണ്.
1957 ല് കേരളത്തില് അധികാരത്തിലെത്തിയ ഇ എം എസ് സര്ക്കാരിന് ഭൂവിതരണവും വിദ്യാഭ്യാസവും അടക്കമുള്ള മേഖലകളില് തുല്യത കൊണ്ടുവരുന്നതില് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഇതിന്റെ തുടര്ച്ചയായാണ് ജനകീയാസൂത്രണമടക്കമുള്ള പദ്ധതികള് ആവിഷ്ക്കരിക്കപ്പെട്ടത്. നമുക്ക് ഇനിയും മുന്നേറാനുണ്ട്. ആ മുന്നേറ്റത്തില് കരുത്തു പകരുക ജനാധിപത്യ ബദലുകളാണ്. ആ ബദല് പരിപ്രേക്ഷ്യത്തിന്റെ രൂപീകരണത്തിനുള്ള വേദി കൂടിയാണ് ഈ രജത ജൂബിലി ആഘോഷം. ആ നിലയ്ക്കുള്ള ചര്ച്ചകളും നിര്ദ്ദേശങ്ങളും ഉയര്ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവകേരള സൃഷ്ടിക്ക് ഇത് കൂടുതല് കരുത്ത് പകരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി