കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനും ജനറൽ സെക്രട്ടറി വി.അബ്ദുൾ വഹാബിനുമെതിരേ പോലീസ് കേസെടുത്തതിന് പിന്നാലെ പി.കെ നവാസിനെതിരേ പ്രതികരണവുമായി ഒരു വിഭാഗം നേതാക്കൾ.
ഒന്നോ രണ്ടോ പേർ ചെയ്യുന്ന തെറ്റായ കാര്യത്തിന്റെ പേരിൽ സംഘടനയെ ഒന്നാകെ കുറ്റപ്പെടുത്തരുതെന്നും ഹരിതയുടെ പരാതിയിൽ പാർട്ടി നടപടിയുണ്ടാകുമെന്നും എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ മാധ്യമങ്ങളോട് പറഞ്ഞു. ചില വ്യക്തികളുടെ പരാമർശത്തിൽ എം.എസ്.എഫിനെ ഒന്നാകെ സ്ത്രീവിരുദ്ധരെന്നും പെൺകുട്ടികൾക്ക് പ്രാതിനിധ്യം നൽകാത്ത സംഘടനയാണ് എം.എസ്.എഫ് എന്നും പറഞ്ഞ് കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഇതിൽ നിന്ന് മാധ്യമങ്ങളും മറ്റും പിൻമാറണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു.
പരാതി പിൻവലിക്കാത്തിൽ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹരിത കമ്മിറ്റിയെ മരവിപ്പിക്കാൻ ലീഗ് തീരുമാനിച്ചിരുന്നു. ഇത് സംഘടനാ പരമായ തീരുമാനമാണെന്നും ഹരിതയെ പിരിച്ച് വിട്ടിട്ടില്ലെന്നും ലത്തീഫ് ചൂണ്ടിക്കാട്ടി. ഹരിത നേതാക്കൾ പാർട്ടിയിൽ ഉന്നയിച്ച വിഷയങ്ങളിലെല്ലാം നടപടിയുണ്ടാകും. രണ്ടാഴ്ചയ്ക്കുളളിൽ വിശദീകരണം നൽകണമെന്നാണ് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും ലത്തീഫ് പറഞ്ഞു.