തിരുവനന്തപുരം: പാർട്ടി യോഗത്തിലെ പരിധിവിട്ട പെരുമാറ്റത്തിന് മുതിർന്ന നേതാക്കളായ പി ജയരാജനും കെപി സഹദേവനും സിപിഎം സംസ്ഥാന സമിതിയുടെ താക്കീത്. കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ പരസ്പരം ഏറ്റുമുട്ടിയതിനാണ് നടപടി. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഇരുനേതാക്കൾക്കും സംസ്ഥാന സമിതി കർശന നിർദേശം നൽകി.
കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സൈബർ ഇടത്തിലെ ക്രിമിനൽ ബന്ധമുള്ള സഖാക്കൾ നടത്തുന്ന ഇടപെടലിനെക്കുറിച്ചുള്ള ചർച്ച നടക്കുന്നതിനിടെയാണ് പി ജയരാനും കെപി സഹദേവനുംപരസ്പരം ഏറ്റുമുട്ടിയത്. ഇതോടെ യോഗം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. പാർട്ടി യോഗത്തിന്റെ പൊതുമര്യാദയ്ക്ക് നിരക്കാത്ത തരത്തിലുള്ള പെരുമാറ്റമാണ് ഇരു നേതാക്കളിൽ നിന്നുണ്ടായതെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൽകിയ റിപ്പോർട്ട്. ഇതു പരിഗണിച്ചാണ് സംസ്ഥാന സമിതിയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.
ചൊവ്വാഴ്ച അവസാനിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇരുവർക്കും കർശന സ്വരത്തിൽ താക്കീത് നൽകിയത്. എന്നാൽ സിപിഎമ്മിന്റെ പതിവ് രീതിയിലുള്ള താക്കീത് നടപടിയല്ല ഇത്. മറിച്ച് കർശന സ്വരത്തിലുള്ള നിർദേശമാണ് പാർട്ടി നൽകിയത്.
പി ജയരാജന് മൂന്നാം തവണയാണ് ഇത്തരത്തിലുള്ള കർശന നിർദേശം പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ലഭിക്കുന്നത്. നേരത്തെ ധനരാജ് വധക്കേസുമായി ബന്ധപ്പെട്ട് പയ്യന്നൂർ പോലീസ് സ്റ്റേഷൻ വരാന്തയിൽ മൈക്ക് കെട്ടിവെച്ച് പ്രസംഗിച്ച് പ്രതിഷേധിച്ചതിനും ജയരാജനെ താക്കീത് ചെയ്തിരുന്നു. വ്യക്തിപൂജ വിവാദത്തിലും സമാനമായ നടപടി ജയരാജൻ നേരിട്ടിരുന്നു.
content highlights:cpm state committee issue warning to p jayaran and kp sahadevan