ഹരിത സംസ്ഥാന കമ്മിറ്റി തന്നെ പിരിച്ചുവിട്ടേക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാണക്കാട് സാദിഖലി തങ്ങളുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി തങ്ങള്‍ ചര്‍ച്ച നടത്തുകയാണ്.
മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ പാണക്കാട് നടന്ന ചർച്ചയിലും പരാതി പിൻവലിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കപ്പെട്ടത്. എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബ് എന്നിവരെ താക്കീത് ചെയ്യാമെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു.
സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയത്. സംസ്ഥാന പ്രസിഡന്റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി.
അതേസമയം, എംഎസ്എഫ് ഹരിത നേതാവ് ആഷിഖ ഖാനത്തിന്റെ പിതാവ് മുസ്ലീം ലീഗ് ഭാരവാഹിത്വം രാജിവെച്ചു. എടയൂര്‍ പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന ബഷീര്‍ കലമ്പനാണ് സ്ഥാനം ഒഴിഞ്ഞത്.
ഈ കൊടി പിടിച്ചാണ് വളര്‍ന്നത്. ഇന്നും ഈ കൊടി പിടിച്ചാണ് നടക്കുന്നത്. പക്ഷെ, സ്വന്തം മക്കളുടെ മാനത്തിന് വില പറയുന്നവരെപ്പോലും താങ്ങുന്ന ഒരു നേതൃത്വത്തിന് കീഴിൽ ഇനിയും കൊടിപിടിക്കാൻ ലജ്ജയുണ്ട്. അതുകൊണ്ട് പലതും പരസ്യമായി പറയാൻ നിര്‍ബന്ധിതനാണ്. അതിനാൽ, സ്ഥാനം രാജിവെക്കുന്നെന്നും ബഷീര്‍ കലമ്പനെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.