കാബൂളിൽ കുടുങ്ങിയ 36 പേരാണ് നോർക്കയുമായി ബന്ധപ്പെട്ടതെന്നാണ് സിഇഒ പറയുന്നത്. സഹായം തേടി കാബൂളിൽ നിന്ന് നോർക്കയിലേക്ക് ആദ്യം വിളിച്ചത് തലശേരി സ്വദേശിയാണെന്ന് ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. മുപ്പത്തിയഞ്ചുപേർകൂടി ഉണ്ടെന്ന് ഇദ്ദേഹം അറിയിക്കുകയായിരുന്നു.
കാബൂളിൽ ഉള്ള 36 പേരും നിലവിൽ സുരക്ഷിതരാണെന്നാണ് നോർക്ക സിഇഒ പറയുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് നോർക്ക വിദേശകാര്യ മന്ത്രാലയത്തെ സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ട്. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് നോർക്ക അന്വേഷിക്കുന്നുണ്ട്. അതേസമയം കുടുങ്ങിക്കിടക്കുന്ന മലയാളികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നോർക്ക പുറത്തുവിട്ടില്ല.
അഫ്ഗാൻ നിയന്ത്രണം താലിബാൻ പിടിച്ചതോടെ രാജ്യത്ത് നിന്ന് ഇന്ത്യ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു. കാബൂളിൽ നിന്ന് ഉദ്യോഗസ്ഥരുമായി ഇന്ത്യൻ വ്യോമസേന വിമാനം ഗുജറാത്തിലെ ജാംനഗറിലാണ് എത്തിയത്. കാബുളിലെ എംബസിയും രാജ്യത്തെ എല്ലാ നയതന്ത്ര ഓഫീസുകളും പൂട്ടിയതായാണ് റിപ്പോർട്ട്.