കോഴിക്കോട്: എം.എസ്.എഫ് നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പരാതി പറഞ്ഞ ഹരിത നേതാക്കൾക്കെതിരേ നടപടി കടുപ്പിച്ച് ലീഗ്. പ്രശ്നം പരിഹരിക്കാൻ ലീഗ് മുൻകൈയെടുത്തു നടത്തുന്ന ചർച്ചയിൽ ഹരിത നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെ കമ്മിറ്റിയെ പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് ലീഗ് നേതൃത്വം എത്തിയെന്നാണ് ലഭിക്കുന്ന വിവരം.
പരാതി പിൻവലിച്ചാൽ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താൽ പരാതി പിൻവലിക്കാമെന്ന നിലപാടിൽ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി പിരിച്ച് വിടാൻ ലീഗിൽ ധാരണയായത്. പ്രശ്ന പരിഹാരത്തിനിടെ വനിതാ കമ്മീഷനിൽ പരാതി നൽകിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരതിയ്ക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹരിത നേതാക്കളുമായി ഇന്നലെ മുനവറലി ശിഹാബ് തങ്ങൾ ചർച്ച നടത്തിയെങ്കിലും നേതാക്കൾ കടുംപിടിത്തം തുടർന്നതോടെയാണ് കമ്മിറ്റി പിരിച്ച് വിടുന്ന തരത്തിലേക്കെത്തിയത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.അബ്ദുൾ വഹാബ് എന്നിവർക്കെതിരേ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ഹരിതയിലെ പത്ത് പെൺകുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നൽകിയത്. ഇതാണ് പിൻവലിക്കാൻ ആവശ്യപ്പെട്ടത്. കോഴിക്കോട് നടന്ന എം.എസ്.എഫ് യോഗത്തിൽ വേശ്യയ്ക്കും അവരുടേതായ ന്യായീകരണമുണ്ടാവുമല്ലോ….പറയൂ എന്ന തരത്തിൽ പി.കെ നവാസ് ഹരിതയിലെ പെൺകുട്ടികളോട് സംസാരിച്ചതാണ് വിവാദമായത്. എന്നാൽ നേരത്തെ നിരവധി തവണ വിഷയത്തിൽ ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയതെന്നാണ് ഹരിത നേതാക്കൾ പറയുന്നത്.
ഹരിതയുടെ പ്രവർത്തനം ഇനി സംസ്ഥാന, ജില്ലാ തലത്തിൽ വേണ്ടെന്ന് വെക്കാൻ പാർട്ടി നിർദേശിച്ചതായതാണ് സുചന. നിലവിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിൽ മാത്രമേ ഹരിതയുടെ പ്രവർത്തനമുള്ളൂ. ഇതിനിടെ പാർട്ടിയെ ഗൺപോയിന്റിൽ നിർത്തുന്നത് ശരിയല്ലെന്ന് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. ഫാത്തിമ ത്വഹാനി പറഞ്ഞു. പാർട്ടിക്കൊപ്പം നിൽക്കുമെന്നും തൊഹാനി ചൂണ്ടിക്കാട്ടി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെ പിന്തുണയ്ക്കുന്ന ഹരിതയുടെ ഏക ജില്ലാ കമ്മിറ്റി കൂടിയാണ് മലപ്പുറത്തേത്.