കോഴിക്കോട്:ഇടയ്ക്കിടെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നുണ്ട്. ചിലപ്പോൾ നാട്ടിൽനിന്നുള്ള ഒരു വിവരവും ഉണ്ടാവില്ല. ഞാൻ നിങ്ങളോട് സംസാരിക്കുന്ന ഈ നിമിഷം വരെ അവർ സുക്ഷിതരാണെന്ന് വിശ്വസിക്കുന്നു. പറയുന്നത് കേരള സർവ്വകലാശാലയിലെ ഒന്നാം വർഷ എം.എസ്സി. കമ്പ്യൂട്ടർ സയൻസിലെ അഫ്ഗാൻ വിദ്യാർഥി. പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. കാരണം ഭയങ്ങൾ പലതാണ്.
ജനുവരിയിൽ ഉപരിപഠനത്തിനായി കേരളത്തിലേക്ക് തിരിക്കുമ്പോൾ ഒരു നാടുണ്ടായിരുന്നു. മാസങ്ങൾക്കകം നാടും നഗരവും താലിബാന്റെ കൈകളിലായി. ഇപ്പോൾ ചുറ്റും വെടിയൊച്ചകളും നിലവിളി ശബ്ദവും മാത്രം. ഏതു നിമിഷവും എന്തും സംഭവിച്ചേക്കാമെന്ന ഭീതിയിലാണ് കുടുംബവും കൂട്ടുകാരും.
പതിനഞ്ചോളം അഫ്ഗാൻ വിദ്യാർഥികളുണ്ട് നിലവിൽ തിരുവനന്തപുരത്തെ കേരളസർവ്വകലാശാല ക്യാമ്പസിൽ. ജനുവരിയിൽ ഉപരിപഠനത്തിനായി എത്തിയവർ.
അടുത്ത ബാച്ചിൽ പ്രവേശനത്തിന് തയ്യാറായി 11 അഫ്ഗാൻ വിദ്യാർഥികളും പട്ടികയിലുണ്ട്. അവർ ഇനി എത്തുമോ എന്നറിയില്ല. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾ എങ്ങനെ മടങ്ങുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. പലരും ഇവിടെ തുടരാൻ ആഗ്രഹിക്കുന്നുണ്ട്. കേരള സർവ്വകലാശാലയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ സയൻസ് അധ്യാപകനും സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക് ഡയറക്ടരുമായ ഡോ. സാബു ജോസഫ് പറയുന്നു.
സർവ്വകലാശാലയിൽ ഉപരിപഠനത്തിനെത്തിയ രണ്ട് പി.ജി. വിദ്യാർഥികളും പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ അഭയാർഥി വിഷയത്തിൽ ഗവേഷണ വിദ്യാർഥിയായ ജമാൽ നസീറും തിരുവനന്തപുരം കാമ്പസിൽ ഉണ്ട്..
ജനുവരിയിലാണ് എം.എസ്സി. കമ്പ്യൂട്ടർ സയൻസിൽ പ്രവേശനം നേടി അഫ്ഗാൻ സ്വദേശി സിദ്ദിഖ് (യഥാർഥ പേരല്ല) കേരളത്തിലേക്ക് വിമാനം കയറിയത്. നാട്ടിൽനിന്ന് തിരിക്കുമ്പോൾ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ സുഖകരമായിരുന്നില്ല. ലഷ്കർ ഗാഹ് നഗരത്തിലാണ് സിദ്ദിഖ് താമസിക്കുന്നത്. അവിടെ ഹെൽമണ്ട് പ്രവിശ്യയിലെ വീട്ടിൽ ഇരുപതിലധികം പേരുണ്ട്. പക്ഷേ രണ്ടു ദിവസമായി വീട്ടുകാരെപ്പറ്റി കൃത്യമായ വിവരങ്ങളില്ല. എല്ലാവരും ജീവനോടെയുണ്ടെന്നാണ് വിശ്വാസം.
പിതാവ് മിലിട്ടറിയിലായിരുന്നു. മാതാവിന് ജോലിയില്ല. സഹോദരങ്ങൾ സർക്കാർ സർവീസിലായിരുന്നു. എന്താണ് അവരുടെ അവസ്ഥയെന്നറിയില്ല. ഒരു സഹോദരന്റെ കയ്യിൽ മാത്രം ഫോണുണ്ട്. അവനുമായി ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ട്. വാട്സാപ്പ് വഴിയുള്ള ചാറ്റിങ്.
തന്റെ മടങ്ങിവരവും കാത്ത് ഇനി അവരിൽ ആരൊക്കെ വീട്ടുമുറ്റത്തുണ്ടാകുമെന്ന് അറിയില്ല. രണ്ടു വർഷങ്ങൾക്കപ്പുറം വീടും മുറ്റവും ബാക്കിയാകുമോ എന്നുപോലും പറയാനാവില്ല.
ഇനി ഞങ്ങൾക്കൊന്നും ശബ്ദിക്കാനാവില്ല. മിണ്ടാതെ അവരെ കേൾക്കേണ്ടിവരും. എതിർത്താൽ അവർ ചിലപ്പോൾ കൊന്നുകളഞ്ഞേക്കും. സിദ്ദിഖിന്റെ വാക്കുകളിൽ നടുക്കം മാത്രം ബാക്കിയാവുന്നു. അമേരിക്കൻ സൈനിക സാന്നിധ്യത്തിലും സിദ്ദിഖും തന്റെ ആളുകളും തൃപ്തരായിരുന്നില്ല. ഒരു സർക്കാരിന്റെ സുരക്ഷിതത്വത്തിനു കീഴിൽ സമാധാനത്തോടെ ഉറങ്ങിയ രാത്രികൾഓർമ്മകളിൽ ചുരുക്കമാണ്.
അഫ്ഗാൻ സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നില്ല കാര്യങ്ങൾ. സർക്കാരിന് കൂടുതൽ അധികാരം ഉണ്ടായിരുന്നെങ്കിൽ സാഹചര്യങ്ങൾ അല്പം കൂടി വ്യത്യസ്തമാകുമായിരുന്നു. സർക്കാരും അഴിമതിയിൽ മുങ്ങി. അഫ്ഗാനിസ്ഥാനെ വല്ലാത്ത സാഹചര്യത്തിൽ എത്തിച്ചാണ് അമേരിക്ക മടങ്ങിയത്. ഇപ്പോൾ എല്ലാ സ്വാതന്ത്ര്യവും ഇല്ലാതായി. സിദ്ദിഖിന്റെ വാക്കുകൾ മുറിഞ്ഞുപോയി.
ഇരുപതു വർഷങ്ങൾക്കു മുമ്പുള്ള താലിബാൻ ഭരണത്തെപ്പറ്റി രക്ഷിതാക്കൾ പറഞ്ഞ് സിദ്ദിഖ് കേട്ടിട്ടുണ്ട്. കുട്ടികൾക്ക് സ്കൂളിൽ പോലും പോകാൻ കഴിയാതെ, സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത ആ ദിവസങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോൾ ഞാൻ കേരളത്തിൽ ആയതിൽ സമാധാനമുണ്ട്. പക്ഷേ മനസ് കലുഷിതമാണ്. വീട്ടിലെ കാര്യങ്ങൾ ഓരോ നിമിഷവും എന്താകുമെന്നറിയില്ല.
ജന്മനാട്ടിലെ നിലവിലെ സാഹചര്യങ്ങളോട് ഒന്നാംവർഷ എം.ബി.എ വിദ്യാർഥി നസീറിന്റെ (യഥാർഥ പേരല്ല) പ്രതികരണത്തിൽ ഭയവും നിരാശയും നിറഞ്ഞുനിന്നിരുന്നു.
താലിബാൻ വിഷയങ്ങളൊന്നും ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ടില്ല. ഈ സാഹചര്യം എന്താണെന്ന് എനിക്കറിയില്ല. അഫ്ഗാൻ ജനങ്ങളെ ഉപേക്ഷിച്ച് പ്രസിഡന്റ് പോയി. എനിക്ക് രാഷ്ട്രീയം അറിയില്ല. താലിബാനുമായി സർക്കാരിനുള്ള ബന്ധമറിയില്ല. അജണ്ടകൾ അറിയില്ല. എന്റെ വേദനകൾപോലും ആരോടും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ല. സമാധാനത്തോടെ ജീവിച്ചാൽ മതി.
വാർത്തകളിൽ കാണുന്നതാണ് സാഹചര്യം. വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. കാബൂളിലാണ് എന്റെ വീട്. വീട്ടിൽ ഞങ്ങൾ ഏഴു പേരുണ്ട്. അമ്മ, അച്ഛൻ, സഹോദരി, രണ്ട് സഹോദരങ്ങൾ, അതിൽ ഒരാളുടെ ഭാര്യയും. അച്ഛൻ നേരത്തേ മരിച്ചു. ഒരു സഹോദനു ജോലി ഉണ്ടായിരുന്നു. അടുത്തിടെ അതും പോയി. ഇപ്പോൾ ആർക്കും ജോലിയില്ല.
രാജ്യം വിടാൻ കുടുംബം ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നസീർ പറഞ്ഞത് മറുപടിയായിരുന്നില്ല, പകരം മറ്റൊരു ചോദ്യമായിരുന്നു. എങ്ങോട്ടാണ് ഞങ്ങൾ പോവുക? ചുറ്റും താലിബാന്റെ ആൾക്കാരാണ്. പുറത്തേക്ക് വിമാനങ്ങളില്ല. എല്ലാം നിർത്തലാക്കി. ഒരു ജനതയെ തോക്കിൻ മുനയിൽ നിർത്തുന്ന താലിബാനോടും അഫ്ഗാനെ കെടുതികൾക്കു നടുവിലുപേക്ഷിച്ചു മടങ്ങിയ അമേരിക്കയോടും നിശബ്ദത പാലിക്കുന്ന അന്താരാഷ്ട്ര മൂഹത്തോടുമാണ് ചോദ്യം.
ജനുവരിയിൽ സാഹചര്യങ്ങൾ സമാധാനപരമായിരുന്നു. ഇപ്പോൾ വീട്ടുകാരുമായി ബന്ധപ്പെടാൻ വരെ വലിയ പ്രയാസമാണ്. പലപ്പോഴും ഇന്റർനെറ്റ് കണക്ഷനില്ല. പല ആപ്ലിക്കേഷനുകളും നിരോധിച്ചു. വാട്സാപ്പും വൈകാതെ കിട്ടാതാകും. നസീർ പറയുന്നു.
കേരളത്തിൽ കോഴ്സ് പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങിയാലും തന്റെ യോഗ്യതകൾ പരിഗണിച്ച് അവിടെ ജോലി ലഭിക്കുമോ എന്നുപോലും ഉറപ്പില്ല. കോഴ്സ് കഴിഞ്ഞയുടനെ നാട്ടിലേക്കു മടങ്ങണം. വിസ കാലാവധി തീർന്നാൽ ഇവിടെ നിൽക്കാൻ പറ്റില്ലല്ലോ. പോകാൻ വേറെ സ്ഥലമില്ല. വീട്ടുകാരെ കാണണം. അവരെ സുരക്ഷിതരാക്കണം. അല്ലെങ്കിൽ ഞാൻ അവർക്കൊപ്പമുണ്ടാകണം. ആ ഇരുപതുകാരൻ പറയുന്നു.
ഭാര്യയ്ക്കും മക്കൾക്കും ഒപ്പമാണ് ജമാൽ നസീർ കൊഹിസ്താനി കേരളത്തിലെത്തിയത്. ഗവേഷണം തുടങ്ങിയിട്ട് ഒരു വർഷമായി. വിഷയം അഭയാർഥി പ്രശ്നങ്ങൾ. പലായനവും പുറത്താക്കപ്പെടലും കൺമുന്നിലെ കാഴ്ചകളായിരുന്നപ്പോൾ മറ്റെന്താണ് പഠനവിഷയമാക്കാൻ കഴിയുക?
നാട്ടിലെ സ്ഥിതി അസന്തുലിതാവസ്ഥയിലാണ്. സുരക്ഷാ പ്രശ്നങ്ങളുണ്ട്. വീട്ടുകാരുമായി ഇടയ്ക്കിടെ ബന്ധപ്പെടാൻ കഴിയുന്നുണ്ട്. ചിലപ്പോഴൊന്നും വൈദ്യുതി ഉണ്ടാകാറില്ല. റീചാർജ്ജ് ചെയ്യാനായി പുറത്തിറങ്ങാനും പറ്റുന്നില്ല. കേരളത്തിലേക്ക് വരുന്നതിനു മുമ്പ് സ്ഥിതിഗതികൾ ശാന്തമായിരുന്നു. ഇടയ്ക്കിടെ വെടിവയ്പ്പും സ്ഫോടനങ്ങളും ഉണ്ടാകുമെന്നു മാത്രം.
വീട്ടിൽ ആരും സർക്കാർ ജോലിയില്ലെന്നതാണ് വ്യക്തിപരമായി ചിന്തിക്കുമ്പോൾ ആശ്വാസം. ഉണ്ടായിരുന്നെങ്കിൽ എപ്പഴേ താലിബാന്റെ തോക്കിൻ മുനയിൽ പിടഞ്ഞേനെ അവരുടെ ജീവൻ. പിതാവിന് ബിസിനസാണ്. മാതാവ് പ്രൈവറ്റ് സ്കൂളിലെ ടീച്ചറും.അതാണ് ഒരു ആശ്വാസം
പഠനവിഷയം അന്താരാഷ്ട്ര ബന്ധങ്ങൾ ആയതുകൊണ്ടുതന്നെ ജമാൽ കാര്യങ്ങൾ കാണുന്നത് ആഗോള തലത്തിലാണ്.
പറഞ്ഞതിലും വേഗമുള്ള അമേരിക്കയുടെ പിൻമാറ്റമാണ് താലിബാന് ശക്തി നൽകിയത്. പ്രസിഡന്റ് അഷ്റഫ് ഗനി എന്തിന് രാജ്യം വിട്ടെന്നറിയില്ല. അതിനെ ഒരിക്കലും പന്തുണയ്ക്കാനാവില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്നാണ് താലിബാന്റെ വാദം. സ്ത്രീകളെ ജോലിക്കു പോകാൻ അനുവദിക്കുമെന്നും പറയുന്നുണ്ട്. എല്ലാം തുടക്കത്തിൽ ജനങ്ങളെ കയ്യിലെടുക്കാനുള്ള അവരുടെ തന്ത്രങ്ങളാകും. അത് പൂർണ്ണമായും വിശ്വസിക്കാനാവില്ല. ജമാലിന് ആശങ്കകൾ ഒരുപാടുണ്ട്.
എങ്കിലും താലിബാനുമേൽ ഒരിറ്റു പ്രതീക്ഷ വച്ചുപുലർത്താനും ജമാലിനു തോന്നുന്നു. വർഷങ്ങൾക്കു മുമ്പ് ഭരണത്തിലിരുന്ന പരിചയമുണ്ട് താലിബാന്. അന്താരാഷ്ട്ര സമൂഹത്തെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ചിലപ്പോൾ കടുത്ത നയങ്ങളിൽ അവർ അയവു വരുത്തിയേക്കും. ജമാൽ പറയുന്നു.
സ്ത്രീകളുടെ സാമൂഹ്യ ജീവിതം ഇനി എങ്ങനെ മാറും എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ട്.
ഗവേഷണത്തിനു ശേഷം എന്റെ രാജ്യത്തിനുവേണ്ടി ജോലി ചെയ്യണമെന്നാണ് ആഗ്രഹം. എന്റെ ജനങ്ങൾക്കു വേണ്ടതെല്ലാം ചെയ്യണം. പക്ഷേ, സാഹചര്യങ്ങൾ സുരക്ഷിതമല്ലെങ്കിൽ അങ്ങോട്ടു മടങ്ങില്ല. വർക്ക് വിസയ്ക്ക് ശ്രമിക്കേണ്ടിവരും. ഏതെങ്കിലും രാജ്യത്ത് അഭയാർഥി ആയി കഴിയേണ്ടിയും വന്നേക്കും. ജമാൽ നസീർ കൊഹിസ്താനി പറയുന്നു.
Content Highlights:What next? dilemmaremains among afghan students in Kerala