കോഴിക്കോട്
അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാനിസ്ഥാനായി മാറുമ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് വീണ്ടും ചർച്ചയാകുന്നു. താലിബാൻ മുന്നേറ്റം വിസ്മയകരമെന്ന് ജമാഅത്തെ മുഖപത്രം മാധ്യമം വിശേഷിപ്പിച്ചതാണ് ചർച്ചകളിൽ ഇടംപിടിച്ചത്. അഫ്ഗാനിലെ പ്രസിഡന്റ് നജീബുള്ളയെ കൊന്ന് വിളക്കുകാലിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ ജമാഅത്തെ പത്രം ആവേശഭരിതരായിരുന്നു. 1996 സെപ്തംബർ 28 ന്റെ മാധ്യമത്തിൽ വിസ്മയംപോലെ താലിബാൻ പട എന്നു ശീർഷകമിട്ടതിന് തൊട്ടുതാഴെ കാത്തിരുന്ന മരണമെന്ന തലക്കെട്ടാകട്ടെ ജമാഅത്തെയുടെ സന്തോഷം നിറഞ്ഞു തുളുമ്പുന്നതായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റിനെ ഹീനമായ വിധം വധിച്ചിട്ടും അപലപിക്കുന്നതായ ഒരക്ഷരം മാധ്യമത്തിലുണ്ടായില്ല. അതേദിവസം ദേശാഭിമാനിയടക്കം മിക്ക മാധ്യമങ്ങളും താലിബാൻ ഭീകരതയ്ക്കെതിരായ വികാരമാണ് പ്രതിഫലിപ്പിച്ചത്.
ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചയായപ്പോൾ, താലിബാൻ ഭീകരത തിരിച്ചറിയാൻ അന്ന് സാധിച്ചില്ലെന്നായിരുന്നു മാധ്യമം പത്രാധിപസമിതിയിലെ ഒരു അംഗം പ്രതികരിച്ചത്. എന്നാൽ താലിബാൻ ശരിഅത്ത് വ്യവസ്ഥ നടപ്പാക്കുന്നതിനെ അന്നേ പത്രം സ്വാഗതം ചെയ്തിരുന്നു.
താലിബാന്റെ രണ്ടാം വരവിൽ പൊതുബോധത്തിനനുസരിച്ച് തൊട്ടും തൊടാതെയുമാണ് വാർത്തയെങ്കിലും പഴയ നിലപാട് തെറ്റായിരുന്നുവെന്നോ, തള്ളുന്നുവെന്നോ പറയാൻ തയ്യാറായിട്ടില്ല. താലിബാൻ ഭീകരത വീണ്ടും വൻ വിപത്തായ വേളയിൽ നിലപാട് തുറന്നുപറയാൻ ജമാഅത്തെ ഇസ്ലാമി തയ്യാറാകണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ സജീവമായി.