കൊച്ചി
‘ഓണമല്ലേ ബന്ധുവീട്ടിലൊക്കെ പോയി, പുറത്തൊക്കെയൊന്ന് കറങ്ങിവരാം’ ഈ പതിവ് മാറ്റിവയ്ക്കുന്നതാകും നല്ലത്. ഇല്ലെങ്കിൽ ഒക്ടോബറോടെ കോവിഡ് വ്യാപനം രൂക്ഷമാകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിഘടകം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കഴിഞ്ഞ ആഗസ്തിൽ 1569 രോഗികളാണുണ്ടായത്. ഓണക്കാലത്തിനുശേഷം ഒക്ടോബറിലത് ആറുമടങ്ങായി. നിലവിൽ ഇരുപതിനായിരത്തിലധികം രോഗികൾ ജില്ലയിലുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ 12 മടങ്ങാണിത്. സാഹചര്യം ഇതായിരിക്കെ, സൂക്ഷിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്ന് ഡോക്ടർമാരായ രാജീവ് ജയദേവൻ, സണ്ണി പി ഓരത്തേൽ, ടി വി രവി എന്നിവർ നടത്തിയ പഠനം വ്യക്തമാക്കുന്നു.
പഴയ വൈറസിനേക്കാൾ മാരകമാണ് ഡെൽറ്റാ വകഭേദം. അതിവേഗം പടരും. രോഗലക്ഷണങ്ങൾ നേരത്തേ പ്രകടമാകും. രോഗിയിൽനിന്ന് കൂടുതൽ കാലം കൂടുതൽ വൈറസുകൾ പുറത്തുവരും. ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ സോഷ്യൽ ബബിൾ (ദിവസവും കാണുന്ന വ്യക്തികൾ) പരമാവധി കുറയ്ക്കണം. കൂടുതൽ ബബിളുകൾ ഒന്നുചേരുന്ന കുടുംബസംഗമങ്ങൾ ഒഴിവാക്കുകയും വേണം. നിരവധി ബബിളുകൾ ഒന്നിക്കുന്നതിനാൽ കുടുംബസംഗമങ്ങളിൽ അതിവേഗം കോവിഡ് വ്യാപനം നടക്കും.
വീടുകൾ രോഗവ്യാപനം നടക്കുന്ന പ്രധാനയിടമായി മാറിയെന്നത് ഉൾക്കൊള്ളണം. മാസ്കും സാനിറ്റൈസറും വീടുകളിലും ശീലമാക്കണം. വീടിനുള്ളിൽ വായുസഞ്ചാരം പരമാവധി വർധിപ്പിക്കണം. തുറസ്സായ ഇടങ്ങളിൽ രോഗവ്യാപന നിരക്ക് കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.
വാക്സിൻ എടുത്തിട്ടുള്ളവരിൽ രോഗബാധയുണ്ടായാലും ലക്ഷണങ്ങൾ കുറവായിരിക്കും. എന്നാൽ, മറ്റുള്ളവരിലുള്ള അത്രയുംതന്നെ വൈറസ് ഇവരിലുമുണ്ടാകും. വാക്സിനെടുത്ത 90 ശതമാനത്തിനും രോഗം ഗുരുതരമാകുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ല. സ്വാഭാവിക രോഗബാധമൂലവും വാക്സിനേഷൻമൂലവും പ്രതിരോധശേഷി ലഭിച്ചാൽ ഭാവിതരംഗങ്ങൾ ഗുരുതരമാകില്ലെന്നും പഠനത്തിൽ പറയുന്നു.