വാഷിങ്ടൺ
താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത വേഗത്തിൽ പകച്ചുനിൽക്കുകയാണ് ബൈഡൻ സർക്കാർ. മാസാവസാനത്തോടെ അവസാനിക്കേണ്ടിയിരുന്ന സൈനിക പിന്മാറ്റം പൊടുന്നനെ രക്ഷാദൗത്യമായി മാറി. സർവസൈന്യാധിപൻ എന്ന നിലയിൽ ബൈഡന്റെ പരാജയമാണ് തെളിയുന്നതെന്ന് റിപ്പബ്ലിക്കന്മാർ ആരോപിക്കുന്നു.
സൈനിക പിന്മാറ്റത്തെക്കുറിച്ചുള്ള വിമർശങ്ങൾ ബൈഡൻ പാടേ അവഗണിച്ചിരുന്നു. എന്നാൽ, താലിബാൻ ഇത്ര വേഗം നീങ്ങുമെന്ന് കരുതിയില്ലെന്നും കണക്കുകൂട്ടലുകൾ പിഴച്ചെന്നും അമേരിക്കൻ സർക്കാരിലെ പ്രധാനികൾ വ്യക്തമാക്കി. അഫ്ഗാൻ സൈന്യത്തിന് രാജ്യത്തെ സംരക്ഷിക്കാനായില്ലെന്ന് വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. ബൈഡൻ പരസ്യമായി പ്രതികരിച്ചിട്ടില്ല. പ്രതികരിച്ചാൽ തന്റെ ഉറപ്പിന് വിപരീതമായി അഫ്ഗാൻ സാഹചര്യം എങ്ങനെ ഇത്ര പെട്ടെന്ന് വഷളായെന്ന് വിശദീകരിക്കേണ്ടി വരും. താലിബാൻ അഫ്ഗാൻ പിടിക്കാൻ സാധ്യത കുറവാണെന്നാണ് ജൂലൈ എട്ടിന് അദ്ദേഹം പറഞ്ഞത്. മുൻ പ്രസിഡന്റുമാരായ ബറാക്ക് ഒബാമയും ഡോണൾഡ് ട്രംപും അഫ്ഗാനിൽനിന്ന് പിന്മാറാൻ ആഗ്രഹിച്ചിരുന്നെങ്കിലും സൈന്യത്തിന്റെ എതിർപ്പിനെ തുടർന്ന് തുടരുകയായിരുന്നു. താലിബാന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയ കരാർ തന്റെ സർക്കാരാണ് ഒപ്പിട്ടതെങ്കിലും ബൈഡനെ പഴിച്ച് രക്ഷപ്പെടാനാണ് ട്രംപിന്റെ ശ്രമം. ഇത് ബൈഡന്റെ തെറ്റായി രേഖപ്പെടുത്തപ്പെടും എന്നാണ് ട്രംപ് പറയുന്നത്.അമേരിക്കയുടെ നേർക്ക് കൂടുതൽ ഭീകരാക്രമണ സാധ്യതയും അൽ ഖായ്ദയുടെ തിരിച്ചുവരവും പ്രവചിക്കപ്പെടുന്നുണ്ട്. ഇതെല്ലാം നേരിടാൻ ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലെന്ന ആരോപണവും ശക്തമാണ്.