കാബൂള്
അഫ്ഗാനിസ്ഥാനിൽ താലിബാന് ഭരണം പിടിച്ചതിന് പിന്നാലെ കാബൂളിലെ എംബസികള് തിരക്കിട്ട് ഒഴിപ്പിച്ച് മറ്റ് രാജ്യങ്ങള്. അതിനിടെ കാബൂള് വിമാനത്താവളത്തില് വെടിവയ്പ്പുണ്ടായത് ആശങ്കയുണ്ടാക്കി. അമേരിക്കയുടെ നയതന്ത്ര ഊദ്യോഗസ്ഥരില് ഭൂരിഭാഗവും രാജ്യം വിട്ടതായാണ്റിപ്പോര്ട്ട്. കാബൂളില് നിന്ന്ബ്രിട്ടീഷുകാരെ വഹിച്ചുള്ള ആദ്യ വിമാനം ലണ്ടനിലെത്തിയതായും രണ്ട് ദിവസത്തിനുള്ളിൽ അഫ്ഗാൻകാർ ഉൾപ്പെടെ 1500 പേരെക്കൂടി രാജ്യത്തെത്തിക്കാൻ ശ്രമങ്ങള് നടത്തുന്നതായും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു.
130 ലധികം ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും തിരിച്ചെത്തിക്കുന്നതിന് 250 സൈനിക ഉദ്യോഗസ്ഥരുമായി മൂന്ന് വിമാനങ്ങള് അയച്ചതായി ഓസ്ട്രേലിയ അറിയിച്ചു. കാബൂളില് നിന്ന് 70 എംബസി ഉദ്യോഗസ്ഥരെയും അഫ്ഗാൻ ജീവനക്കാരെയും ഒഴിപ്പിച്ചതിന്റെ ദൃശ്യങ്ങള് ഇറ്റലി പുറത്തുവിട്ടു.അഫ്ഗാനിസ്ഥാനില്‍ വിന്യസിച്ചിരുന്ന പോര്‍ച്ചുഗീസ് സൈന്യത്തെ സഹായിച്ച 243 അഫ്ഗാനികളെയും കുടുംബങ്ങളെയും രാജ്യത്തെത്തിക്കാൻ നീക്കം ആരംഭിച്ചതായി പോർച്ചുഗൽ പ്രതിരോധ മന്ത്രി പറഞ്ഞു.
കാബൂളിലെ എംബസിയില് നിന്ന് നൂറോളം ജീവനക്കാരെ ഉടന് മാറ്റുമെന്നും അഫ്ഗാനിസ്ഥാനിലെ സ്ഥാനപതി ദിമിത്രി സിർനോവ് ചൊവ്വാഴ്ച താലിബാനുമായി എംബസിയുടെ സുരക്ഷ സംബന്ധിച്ച് ചര്ച്ച ചെയ്യുമെന്നും റഷ്യ അറിയിച്ചു. കാബൂളിലേക്കുള്ള വിമാന സർവീസുകള് പാകിസ്ഥാന് നിര്ത്തിവച്ചു. പൗരന്മാരെ ഒഴിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നതായി സ്വീഡന്, നോർവേ, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക് , നേപ്പാൾ സർക്കാരുകളും അറിയിച്ചിട്ടുണ്ട്.
അതിനിടെ അഫ്ഗാനിസ്ഥാൻ വിട്ടുപോകാൻ ആഗ്രഹിക്കുന്ന ജനങ്ങളെയും വിദേശികളെയും തടയരുതെന്നും അതിര്ത്തികളിലും വിമാനത്താവളങ്ങളിലും താലിബാന് ഭീകരാവസ്ഥ സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, ഖത്തർ, യുകെ എന്നിവയുൾപ്പെടെ അറുതിലധികം രാജ്യങ്ങൾ സംയുക്തപ്രസ്താവന പുറത്തിറക്കി.