കാബൂൾ
താലിബാൻ അധികാരം പിടിച്ചെടുക്കുകയും പ്രസിഡന്റ് അഷ്റഫ് ഗനി നാടുവിടുകയും ചെയ്തതോടെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് അഫ്ഗാൻ ജനത. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയില്ലെന്ന താലിബാൻ വാഗ്ദാനം മുഖവിലയ്ക്കെടുക്കാൻ ജനങ്ങൾ തയ്യാറല്ല. മറ്റേതെങ്കിലും രാജ്യത്തേക്ക് കടക്കാമെന്ന് പ്രതീക്ഷിച്ച് ആയിരക്കണക്കിന് ആളുകളാണ് കാബൂൾ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കുകൂട്ടുന്നത്. തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു.
റൺവേയിൽ നീങ്ങിത്തുടങ്ങിയ അമേരിക്കൻ വ്യോമസേനാ വിമാനത്തിൽ കയറിപ്പറ്റാൻ ഓടിയടുത്ത നൂറുകണക്കിന് ആളുകളെ പിന്തിരിപ്പിക്കാൻ അമേരിക്കൻ സൈനികർ ആകാശത്തേക്ക് വെടിവച്ചു. കണ്ണീർ വാതകം പ്രയോഗിച്ചു. പറന്നുയർന്ന വിമാനത്തിൽ അള്ളിപ്പിടിച്ചിരിക്കുകയോ ചക്രത്തിൽ കുടുങ്ങുകയോ ചെയ്ത മൂന്നുപേർ താഴേക്ക് വീണ രംഗങ്ങൾ ലോകത്തെ ഞെട്ടിച്ചു. വിമാനത്താവളത്തിലേക്ക് 6000 സൈനികരെ അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
ജനം സുരക്ഷിതരാണെന്ന് ആവർത്തിക്കുന്ന താലിബാൻ അവരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് ടിവിയിൽ പരസ്യം നൽകി. താലിബാന് ‘മിതവാദി’ മുഖം നൽകാൻ ശ്രമിക്കുന്ന പരസ്യത്തിൽ സ്ത്രീകളെപ്പറ്റി പരാമർശമില്ല. ചുവർ പരസ്യങ്ങളിൽനിന്ന് സ്ത്രീകളുടെ ചിത്രം മായ്ക്കുന്നതും രക്ഷപ്പെടാൻ ശ്രമിക്കുന്നവരിൽ സ്ത്രീകളെ കാണാത്തതും താലിബാൻ പിടിയിൽ അവരെ കാത്തിരിക്കുന്ന യാതനകളുടെ തുടക്കമാണെന്ന അഭിപ്രായം സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നു. ശിക്ഷ ഭയന്ന് സ്ത്രീകൾ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ കത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, വീടുകളിൽ കടക്കില്ലെന്ന വാഗ്ദാനം ലംഘിച്ച് താലിബാൻകാർ മാധ്യമപ്രവർത്തകരുടെയടക്കം വീടുകളിൽ തെരച്ചിൽ നടത്തി. ജനങ്ങളുടെ കൈവശമുള്ള തോക്കും മറ്റ് ആയുധങ്ങളും പിടിച്ചെടുക്കുകയും പൊലീസുകാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെ പിടികൂടുകയുമാണ് ലക്ഷ്യം. തലസ്ഥാനമായ കാബൂളിൽ നിരവധിയിടങ്ങൾ കൊള്ളയടിക്കപ്പെട്ടു. സിവിലിയൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച വിമാനത്താവളത്തിൽ മണിക്കൂറുകൾ കാത്തുനിന്ന് ഹതാശരായി മടങ്ങുന്ന ജനങ്ങൾ ആക്രമണം ഭയന്ന് വീടുകളിൽ ഒളിച്ചിരിക്കുകയാണ്. അതിർത്തികളെല്ലാം താലിബാൻ നിയന്ത്രണത്തിലായതിനാൽ സ്ത്രീകളെയും കുട്ടികളെയും വീട്ടിൽ ഉപേക്ഷിച്ച് റോഡ് മാർഗം മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടാനും ചിലർ ശ്രമിക്കുന്നു.
അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങളുടെ എംബസികൾ അടച്ചുപൂട്ടി. വിമാനമാർഗം ജീവനക്കാരെ ഒഴിപ്പിക്കുന്നതിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിലെ യുഎസ് സേനാ കമാൻഡർ താലിബാൻ നേതാക്കളെ കണ്ടു. അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ സഖ്യരാജ്യങ്ങളുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യ അതിൽ ഉൾപ്പെട്ടിരുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും അടിയന്തരമായി നിയമവ്യവസ്ഥ പുനഃസ്ഥാപിക്കണമെന്നും ‘അഫ്ഗാനിസ്ഥാനിൽ അധികാരത്തിലുള്ളവരോട്’ ആവശ്യപ്പെട്ട് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നേതൃത്വത്തിൽ 60 രാജ്യം പ്രസ്താവനയിറക്കി. താലിബാൻ അഫ്ഗാൻ കീഴടക്കാൻ മൂന്നുമാസമെടുക്കുമെന്ന് പ്രവചിച്ച അമേരിക്ക, അത് തെറ്റിയതിൽ പകച്ചിരിക്കുകയാണ്.
200 ഇന്ത്യക്കാർ കാബൂളിൽ കുടുങ്ങി
നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷാ ഭടന്മാരുമടക്കം ഇരുനൂറോളം ഇന്ത്യക്കാർ കാബൂളിൽ കുടുങ്ങി. ഇന്ത്യൻ എംബസിയിൽനിന്ന് ഇവരെ ഒഴിപ്പിക്കുംമുമ്പേ കാബൂൾ വിമാനത്താവളം അടച്ചു. തിങ്കളാഴ്ച രാവിലെ കാബൂളിലേക്ക് എയർഇന്ത്യ വിമാനം അയക്കാൻ ആലോചിച്ചെങ്കിലും ഉപേക്ഷിച്ചു.
എന്നാൽ ഇവരെ രക്ഷിക്കാൻ വെെകിട്ട് നാവികസേനയുടെ വിമാനം കാബൂളിലെത്തി. ദിവസങ്ങളായി കാബൂളിലെ സ്ഥിതി വളരെ മോശമായിട്ടും എംബസി ജീവനക്കാരെ ഒഴിപ്പിക്കാന് വൈകിയതില് ചോദ്യങ്ങൾ ഉയരുന്നുണ്ട്. കാബൂൾ താലിബാൻ പിടിക്കുമെന്ന് വന്നതോടെ മിക്ക രാജ്യവും നയതന്ത്രജീവനക്കാരെ പരമാവധി പിൻവലിച്ചിരുന്നു. ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിലെ നൂറോളം ഭടന്മാര്ക്കാണ് ഇന്ത്യൻ എംബസിയുടെ സുരക്ഷാ ചുമതല.
അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് വന്ന എയർ ഇന്ത്യ വിമാനങ്ങൾ അഫ്ഗാന് വ്യോമാതിർത്തി അടച്ചതോടെ ഇന്ധനം നിറയ്ക്കാന് ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടു.