മല്ലപ്പള്ളി(പത്തനംതിട്ട)
മാനസികാസ്വാസ്ഥ്യമുള്ളവരെ പാർപ്പിക്കുന്ന ശാലോം കാരുണ്യ ഭവനിൽ 130 അന്തേവാസികൾക്ക് കോവിഡ്. കഴിഞ്ഞ 12ന് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് രോഗം.
നിലവിൽ 160 പേർ ഉള്ളതായി മാനേജിങ് ട്രസ്റ്റി ഈപ്പൻ ചെറിയാൻ പറഞ്ഞു. ചിലർക്ക് രോഗമില്ലെന്ന് ആദ്യ പരിശോധനയിൽ സ്ഥിരീകരിച്ചെങ്കിലും രോഗസാധ്യത ഏറെയാണ്. അക്രമസ്വഭാവം കാണിക്കുന്ന ചിലരെ പരിശോധിക്കാനായിട്ടില്ല.
ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഭൂരിഭാഗത്തിനും രോഗം സ്ഥിരീകരിച്ചത്. മാനസിക വൈകല്യം നേരിടുന്നവർക്കിടയിൽ സാമൂഹ്യ അകലമുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനാകാത്തതാണ് തീവ്ര രോഗവ്യാപനത്തിന് കാരണം. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ അന്തേവാസികൾക്ക് ഭക്ഷണം നൽകാൻ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളും മുന്നോട്ടുവന്നു.