കൊൽക്കത്ത > മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എംപിയുമായ സുഷ്മിത ദേവ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തന്റെ ട്വിറ്റർ ഹാൻഡിലിൽ ബയോ ‘മുൻ കോൺഗ്രസ് പ്രവർത്തക’ എന്ന് രേഖപ്പെടുത്തിയാണ് കോൺഗ്രസ് വിട്ടതായി സുഷ്മിത വ്യക്തമാക്കിയത്.
അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയം മുതൽ നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്ന സുഷ്മിത പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്കാണ് രാജി നൽകിയത്. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ അഭിഷേക് ബാനർജി, മുതിർന്ന നേതാവ് ഡെറെക് ഒബ്രിയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സുഷ്മിത തൃണമൂൽ അംഗത്വം സ്വീകരിച്ചത്.