ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുക എന്നതാണ് ഡേറ്റിങ് ദൗത്യം കൊണ്ട് സാജൻ ബേക്കറി, ലവ് ആക്ഷൻ ഡ്രാമ എന്നീ മലയാളം സിനിമകളിലും അഭിനയിച്ചിട്ടുള്ള സുന്ദർ രാമു ലക്‌ഷ്യം വയ്ക്കുന്നത്. “ഞാൻ വളർന്നത് സ്ത്രീകളെ ബഹുമാനിക്കുകയും നല്ല രീതിയിൽ പെരുമാറുകയും ചെയ്യുന്ന ഒരു കുടുംബത്തിലാണ്. ലിംഗവിവേചനം ഇല്ലാത്ത ഒരു സ്കൂളിലാണ് ഞാൻ പോയത്. പക്ഷെ ലോകത്തേക്കിറങ്ങയപ്പോൾ എത്രത്തോളം ആഴത്തിലാണ് ലിംഗവിവേചനം സമൂഹത്തിലുള്ളത് എന്ന് ഞാൻ മനസ്സിലാക്കി”, സുന്ദർ രാമു ബിബിസിയോട് പറഞ്ഞു.
2012 ഡിസംബറിലെ നിർഭയ കൂട്ടബലാത്സംഗ കേസിന് ശേഷമാണ് ഈ സ്ഥിതിയ്ക്ക് ഒരു ഒരു മാറ്റം കൊണ്ടുവരാൻ തനിക്ക് പ്രേരണ ഉണ്ടായത് എന്നും 2015 ജനുവരി 1 മുതലാണ് താൻ ഡേറ്റിങ് ദൗത്യം ആരംഭിച്ചത് എന്നും രാമു ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഡേറ്റിങ് ചെയ്യാൻ താൽപര്യപ്പെടുന്ന സ്ത്രീകൾ തന്നെ വിളിച്ച്, എവിടെയാണ് കണ്ടുമുട്ടേണ്ടത് എന്ന് തീരുമാനിച്ച്, ഭക്ഷണത്തിനുള്ള തുകയും ചിലവാക്കണം. അല്ലെങ്കിൽ പാചകം ചെയ്തു തരണം എന്നാണ് നിബന്ധന. ഇതെന്തു ഡേറ്റിങ് എന്ന് കരുതല്ലേ! ഡേറ്റിങ്ങിന് ചിലവാകുന്ന തുകയ്ക്ക് ഭക്ഷണം വാങ്ങി വിശക്കുന്നവർക്ക് ദാനം ചെയ്യുക എന്നതാണ് ഈ സ്പെഷ്യൽ ഡേറ്റിങിന്റെ ലക്‌ഷ്യം.
സമൂഹത്തിലെ അറിയപ്പെടുന്ന സ്ത്രീകളുമായായിരുന്നു ആദ്യ കണ്ടുമുട്ടൽ അഥവാ ഡേറ്റിങ് എന്ന് രാമു കുറിച്ചിട്ടുണ്ട്. താമസിയാതെ, നിരവധി പേർ “ദി ഡേറ്റിങ് കിംഗ്”, “365-ഡെയ്റ്റ് മാൻ”, “സീരിയൽ ഡേറ്റർ” എന്നീ വിശേഷണം രാമുവിന് ചാർത്തികൊടുത്തു. താൻ പരിചയപ്പെടുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഓരോ സ്ത്രീകളെപ്പറ്റിയും രാമു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്.
കഴിഞ്ഞ അഞ്ചര വർഷത്തിനിടെ, ഇന്ത്യ മാത്രമല്ല വിയറ്റ്നാം, സ്പെയിൻ, ഫ്രാൻസ്, യുഎസ്, തായ്‌ലൻഡ്, ശ്രീലങ്ക എന്നിങ്ങനെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളുമായി രാമു ഡേറ്റിങ് ചെയ്തു. സ്വന്തം മുത്തശ്ശിയുമായുള്ള ഡേറ്റിങ് ആയിരുന്നു മറക്കാൻ പറ്റാത്തത് എന്ന് രാമു പറയുന്നു. ഒരു മെഴ്‌സിഡസ് കാറിൽ ക്ഷേത്രത്തിൽ പോയി ഒരു തടാകക്കരയിൽ സൂര്യാസ്തമയം കണ്ടായിരുന്നു മുത്തശ്ശിയുമായില്ല ഡേറ്റിങ്. ഒൻപത് വയസ്സുള്ളപ്പോൾ പള്ളിയിൽ ചേരാൻ ഇന്ത്യയിലെത്തിയ സിസ്റ്റർ ലോറെറ്റോ എന്ന ഐറിഷ് കന്യാസ്ത്രീയും രാമുവിന്റെ ഡേറ്റിങ് ദൗത്യത്തിൽ സഹകരിച്ചിട്ടുണ്ട്.