കാഞ്ഞങ്ങാട്: കോൺഗ്രസിലും ഐ.എൻ.ടി.യു.സി.യിലും ദീർഘകാലം പ്രവർത്തിച്ച കാഞ്ഞങ്ങട്ടെ അഡ്വ. എം.സി. ജോസിനും സ്വതന്ത്ര ഇന്ത്യയുടെ അതേ പ്രായമാണ്. 1947 ഓഗസ്റ്റ് 15-നാണ് ഇദ്ദേഹം ജനിച്ചത്. പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമായിരുന്നപ്പോഴും ഈ പിറന്നാൾക്കാര്യം അധികമാർക്കുമറിയില്ല. ഇതുവരെ വലിയരീതിയിൽ പിറന്നാളാഘോഷം നടത്തിയിട്ടില്ല. മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായിരുന്ന കാലത്ത് ഓഗസ്റ്റ് 15-ന് തിരക്കിട്ട പരിപാടികളുണ്ടാകും.
അതുകൊണ്ടുതന്നെ പിറന്നാളിന് ഒരിക്കലും പ്രാധാന്യം കൊടുത്തിരുന്നില്ല. അതുകൊണ്ടുകൂടിയാകാം ഇത്രയും സന്തോഷമുള്ള ഒരുദിവസത്തെ ജനനത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കൾപോലും അറിയാതിരുന്നത്-ജോസ് പറഞ്ഞു.
ഇക്കുറി ബാർ അസോസിയേഷൻ ഭാരവാഹികൾ പതിവുതെറ്റിച്ചു. അവർ കേക്കുമായെത്തി. കാഞ്ഞങ്ങാട് കോട്ടച്ചേരി കവലയോട് ചേർന്ന മുകളേൽ വസതിയിൽ പിറന്നാൾകേക്ക് മുറിച്ചു. പരേതരായ എം.ഐ. ചാക്കോയുടെയും അന്നമ്മയുടെയും മൂന്നാമത്തെ മകനാണ് ജോസ്. കോട്ടയം തൈപ്പുഴയിലെ വീട്ടിലായിരുന്നു ജനനം. വളരെ ചെറുപ്പത്തിൽതന്നെ കാഞ്ഞങ്ങാട്ടെത്തി.
ഹൊസ്ദുർഗ് ബാറിൽ അഭിഭാഷകനായി. കെ.എസ്.യു.വിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും കോൺഗ്രസ് രാഷ്ട്രീയത്തിലെത്തി. അവിഭക്ത കണ്ണൂർ ജില്ലയുടെ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി. 1990-ൽ ജില്ലാ കൗൺസിൽ പ്രസിഡന്റായി. ദീർഘകാലം കെ.പി.സി.സി. നിർവാഹകസമിതിയംഗമായും പ്രവർത്തിച്ചു. അഞ്ചുകൊല്ലം മുൻപ് മറ്റൊരു സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസിലെ സ്ഥാനങ്ങളെല്ലാം രാജിവെച്ചു.
ഐ.എൻ.ടി.യു.സി. ദേശീയ വർക്കിങ് കൗൺസിൽ അംഗമായിരുന്നു. പിന്നീട് ആ സ്ഥാനവും വേണ്ടെന്നുവെച്ചു. അഭിഭാഷകവൃത്തിയിൽ ഇപ്പോഴും സക്രിയമാണ്. ഭാര്യ ആനിയമ്മ. മക്കൾ: ജവഹർ ജോസ്, ശരത് ജോസ്, അന്നാ ലക്ഷ്മി.
Content Highlights:Congress Leader M.C. Jose Celebrate His 75th Birthday In Independence Day