കോഴിക്കോട് : കരുണയുടെയും കരുതലിന്റെയും കരങ്ങൾ കുറിയതായിപ്പോവുന്നില്ല. കുട്ടികളിലെ ജനിതക വൈകല്യമായ സ്പൈനൽ മസ്ക്കുലാർ അട്രോഫി (എസ്.എം.എ.)ക്കുള്ള മരുന്നുകൾ കോഴിക്കോട്ടെ ആശുപത്രി മുഖേന 36 കുട്ടികൾക്ക് സൗജന്യമായി ലഭിക്കുന്നു. ലോകത്തെ ഏറ്റവും വില കൂടിയ മരുന്നായ സോൾഗെൻസ്മഇതിനകം നാല് കുട്ടികൾക്ക് നൽകിക്കഴിഞ്ഞു.
ഇത് 18 കോടി രൂപ വിലയുള്ള ഒറ്റഡോസ് കുത്തിവയ്പ് മരുന്നാണ്. ആയുഷ്ക്കാല ചികിത്സയ്ക്ക് മൊത്തം 25-30 കോടി വില വരാവുന്ന റിസ്ഡിപ്ലാം , സിന്റാസ എന്നീ മറ്റു രണ്ട് മരുന്നുകളും കുട്ടികൾക്ക് സൗജന്യമായി നല്കുന്നവയിൽ ഉൾപ്പെടുന്നു. ഈ മൂന്ന് മരുന്നുകളാണ് എസ്.എം.എ.യ്ക്ക്ചികിത്സകർ നിർദ്ദേശിക്കുന്നത്. ഇതിൽ റിസ്ഡിപ്ലാം ഇന്ത്യൻ വിപണിയിൽ ലഭ്യമായ മരുന്നാണ്. വില ഒരു ബോട്ടിലിന് ആറുലക്ഷം രൂപ വരും. ഒരു വർഷത്തേക്ക് ചിലവ് 52-70 ലക്ഷം രൂപ വരാം. മറ്റു രണ്ടു മരുന്നുകളും യു.എസ്. എഫ്.ഡി.എ. രോഗികളിൽ ചികിത്സയ്ക്കായി പ്രയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ളവയാണ്.
മരുന്നുകമ്പനികളുടെ ദീനാനുകമ്പാ പദ്ധതികളും കുട്ടികൾക്ക് കരുണാർദ്രമായ ഉപയോഗത്തിനുള്ള സൗജന്യവും മുതൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹായവും വരെ പ്രയോജനപ്പെടുത്തിയാണ് ഇത്രവലിയ സൗജന്യസഹായം സാമ്പത്തിക ക്ലേശമുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് ലഭ്യമാവുന്നത്. ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി കൺസൾട്ടന്റ് ഡോ.സ്മിലു മോഹൻലാൽ നിരന്തരമായി പരിശ്രമിച്ചാണ് ഈ നേട്ടം കൈവരിക്കുന്നത്. പീഡിയാട്രീഷ്യൻമാരുടെയും ന്യൂറോളജിസ്റ്റുകളുടെയും ആഗോള സംഘടനകളുടെ സഹകരണത്തോടെയാണ് ഡോക്ടർ ഇതിനായി ശ്രമിച്ചത്.
ഓഗസ്ത് അവസാനവും സപ്തംബർ ആദ്യവുമായി എല്ലാകുട്ടികൾക്കുമുള്ള മരുന്ന് ആശുപത്രിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 24 ന് ആശുപത്രിയിൽ ന്യൂറോ മസ്ക്കുലർ അട്രോഫി ക്ലിനിക്ക് ആരംഭിക്കുന്നുണ്ട്. കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് എന്ന കുട്ടിക്കുള്ള മരുന്ന് 21 ന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കുട്ടിക്കായി വൻതോതിൽ ചികിത്സാ ധനസമാഹരണം നടന്നതിനാൽ മരുന്ന് സൗജന്യമായല്ല നല്കുന്നത്. ഈ ആശുപത്രിയിൽ ആദ്യമായി സോൾഗെൻസ്മ മരുന്ന് നല്കിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയായ കുട്ടി സുഖം പ്രാപിച്ചുവരുന്നു. ഈ മരുന്ന്ശരാശരി 80 ശതമാനത്തോളം കുട്ടികളിൽ ഫലപ്രാപ്തിയിലെത്താറുണ്ട്.
ഈ കുട്ടികൾ നാം ഏറ്റവും കരുതൽ നൽകേണ്ട വിഭാഗമാണ്. വിവിധ ചികിത്സാവിഭാഗങ്ങളുടെ സഹരണത്തോടെയാണ് ഇവർക്ക് ചികിത്സയും പിന്തുണയും നൽകി ഇവരെ കഴിവുകളും ശാരീരിക േശഷിയും നഷ്ടപ്പെടാതെ രോഗസൗഖ്യത്തിലേക്ക് എത്തിക്കുന്നത്. ജീവിതത്തിലേക്കും. സമൂഹം നിസ്സഹായരായ ഇവർക്കായി സവിശേഷ ശ്രദ്ധ നൽകേണ്ടതുണ്ട് – ഡോ.സ്മിലു മോഹൻലാൽ , കൺസൾട്ടന്റ് പീഡിയാട്രിക് ന്യൂറോളജിസ്റ്റ്.