ബെർലിൻ
ഒരു ഗോളടിക്കാരന്റെ രൂപവും ഭാവവുമായിരുന്നില്ല യെർദ് മുള്ളർക്ക്. പൊക്കം കുറഞ്ഞ് അൽപ്പം തടിച്ചൊരു മനുഷ്യൻ. ആദ്യമൊക്കെ ചിലർ പരിഹസിച്ചു. അവർ പിന്നെ ആ ഗോളടി കണ്ട് കെെയടിച്ചു. ബോക്സിനുള്ളിൽ മുള്ളറോളം വലിയ അപകടകാരിയെ കണ്ടില്ല. ‘ആൾക്കൂട്ടത്തിനുവേണ്ടിയുള്ള മാന്ത്രിക നീക്കങ്ങളല്ല എനിക്ക് ഫുട്ബോൾ. ഗോളടിക്കുക മാത്രമാണ് എന്റെ ലക്ഷ്യം’ ഒരിക്കൽ മുള്ളർ പറഞ്ഞു.
നിലയ്ക്കാത്ത ഗോൾയന്ത്രമായിരുന്നു മുള്ളർ. ബയേൺ മ്യൂണിക്കിലും ദേശീയ കുപ്പായത്തിലും ഒരുപോലെ തിളങ്ങി. ഇടയ്ക്ക് ലഹരിക്ക് അടിമയായി. വീണ്ടും തിരിച്ചെത്തി. ഒടുവിൽ മറവിരോഗം കീഴ്പ്പെടുത്തി. 2015 മുതൽ മറവിരോഗത്തിലായിരുന്നു മുള്ളർ. ജർമൻ ഗോൾപ്പട്ടികയിലെ ഒന്നാംസ്ഥാനം 40 വർഷം നീണ്ടു. ഒടുവിൽ മിറസ്ലോവ് ക്ലോസെയാണ് ആ റെക്കോഡ് മറികടന്നത്. എട്ട് ഹാട്രിക്കുകളും രാജ്യാന്തരതലത്തിലുണ്ട്.
1974 ലോകകപ്പ് ഫെെനലിലായിരുന്നു മുള്ളറുടെ ചാട്ടുളിവേഗം കണ്ടത്. യൊഹാൻ ക്രൈഫിന്റെ നെതർലൻഡ്സിനെതിരെ 43–ാംമിനിറ്റിൽ വിജയഗോൾ തൊടുത്ത് മുള്ളർ പശ്ചിമ ജർമനിയെ ലോകചാമ്പ്യൻമാരാക്കി. 1970 ലോകകപ്പിൽ പത്ത് ഗോളടിച്ചു. ലോകകപ്പിൽ ആകെ 14 ഗോൾ. ബെക്കൻബോവറും സെപ് മയെറും മുള്ളറും ഉൾപ്പെട്ട ജർമൻനിര ലോക ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി.
1972 യൂറോ കപ്പ് ഫെെനലിൽ ഇരട്ടഗോളടിച്ചാണ് മുള്ളർ ജർമനിയെ കിരീടത്തിലേക്ക് നയിച്ചത്. സോവിയറ്റ് യൂണിയനെ മൂന്ന് ഗോളിന് തോൽപ്പിച്ചായിരുന്നു കിരീടം. ഇരുപത്തെട്ടാം വയസ്സിലായിരുന്നു രാജ്യാന്തര ഫുട്ബോൾ വിട്ടത്.
ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിന്റെ ഹൃദയമായിരുന്നു മുള്ളർ.15 വർഷമായിരുന്നു ബയേണിൽ. ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബാക്കി മാറ്റി. റെക്കോഡുകൾ തിരുത്തി. ഏഴ് സീസണിൽ ടോപ് സ്കോററായി. ഒരു സീസണിൽ 40 ഗോളടിച്ചു. ആ റെക്കോഡ് കഴിഞ്ഞസീസണിൽ റോബർട്ട് ലെവൻഡോവ്സ്കി തിരുത്തി. ‘മുള്ളറില്ലായിരുന്നെങ്കിൽ ഈ കാണുന്ന ബയേണില്ല. ക്ലബ്ബിന്റെ ചരിത്രത്തിന്റെ ഭാഗമാണ് മുള്ളർ. ഈ പേരും ഓർമയും ഒരുകാലത്തും മായില്ല’– ബയേൺ പ്രസിഡന്റ് ഹെർബട്ട് ഹെയ്നർ കുറിച്ചു.