ലോർഡ്സ്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പതറുന്നു. രണ്ടാം ഇന്നിങ്സിൽ തകർച്ചയെ നേരിടുകയാണ്. 3–55 റണ്ണെന്ന നിലയിൽനിന്ന് അജിൻക്യ രഹാനെയും (61) ചേതേശ്വർ പൂജാരയും (45) ചേർന്ന് കരകയറ്റിയെങ്കിലും അപകടമൊഴിഞ്ഞില്ല. നാലാംദിനം 6–181 റണ്ണെന്ന നിലയിൽ കളി അവസാനിപ്പിച്ചു. 154 റൺ ലീഡാണ് ഇന്ത്യക്ക് .
സ്കോർ: ഇന്ത്യ 364, 6–181; ഇംഗ്ലണ്ട് 391.
ഇരുപത്തേഴ് റൺ ലീഡ് വഴങ്ങി നാലാംദിനം തുടങ്ങിയ ഇന്ത്യക്ക് പിടിച്ചുനിൽക്കാനായില്ല. ഓപ്പണർമാരായ ലോകേഷ് രാഹുലിനെയും രോഹിത് ശർമയെയും മാർക് വുഡ് മടക്കി. അഞ്ച് റണ്ണായിരുന്നു ഒന്നാം ഇന്നിങ്സിലെ സെഞ്ചുറിക്കാരനായ രാഹുലിന്റെ സമ്പാദ്യം. സിക്സറിന് ശ്രമിച്ച രോഹിത് (21) മൊയീൻ അലിക്ക് പിടികൊടുത്ത് മടങ്ങി. മികച്ച രീതിയിൽ തുടങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്-ലി (20) സാം കറന്റെ പന്തിൽ ബാറ്റ് വച്ച് പുറത്തായി.
നാലാം വിക്കറ്റിൽ ഒത്തുചേർന്ന പൂജാര–രഹാനെ സഖ്യം റണ്ണുയർത്താൻ വിഷമിച്ചു. പൂജാരയ്ക്ക് ആദ്യ നൂറ് പന്തിൽ ബൗണ്ടറി നേടാനായില്ല. ചായയ്ക്കുശേഷം രഹാനെ അരസെഞ്ചുറി പൂർത്തിയാക്കി. 100 റണ്ണാണ് ഈ സഖ്യം നേടിയത്. പിന്നാലെ പൂജാര പുറത്തായി. 206 പന്ത് നേരിട്ട പൂജാരയെ മാർക് വുഡ് മടക്കി. രഹാനെയെ മൊയീൻ അലി പുറത്താക്കി. രവീന്ദ്ര ജഡേജയും (3) അലിയുടെ ഇരയായി. ഋഷഭ് പന്തും (14) ഇശാന്ത് ശർമയുമാണ് (4) ക്രീസിൽ.