വാഷിങ്ടണ്‍
അഫ്ഗാനിസ്ഥാനില്‍നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നതിനും വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കാൻ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് അമേരിക്ക. 1000 സൈനികരെക്കൂടി ഉടന്‍ അയച്ച് സൈനികരുടെ എണ്ണം അയ്യായിരമായി ഉയര്‍ത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചര്‍ച്ചയില്‍ തീരുമാനിച്ചതായി പ്രസിഡന്റ് ജോ ബൈഡന് പ്രസ്താവനയില്‍ അറിയിച്ചു. ഒഴിപ്പിക്കലിനായി 3000 സൈനികരെ കാബൂളിലേക്ക് അയച്ചിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം യുഎസ് അറിയിച്ചിരുന്നു. 1000 യുഎസ് സൈനികര്‍ നേരത്തേ അഫ്ഗാനിസ്ഥാനിലുണ്ട്.
ദൗത്യനിര്‍വഹണത്തിന് ഏതെങ്കിലും വിധത്തില്‍ തടസ്സം ഉണ്ടാക്കാൻ താലിബാന്റെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നും ബൈഡന് മുന്നറിയിപ്പ് നല്കി. അഫ്ഗാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും രാജ്യത്ത് 20 വര്‍ഷമായി തുടരുന്ന അമേരിക്കന്‍ സേനയുടെ അവസാന ദൗത്യമായിരിക്കും ഇതെന്നും ബൈഡന് പറഞ്ഞു.
അഫ്ഗാനിലെ അമേരിക്കന്‍ ദൗത്യത്തിന് അധ്യക്ഷനാകുന്ന നാലാമത്തെ പ്രസിഡന്റാണ് താനെന്നും ഇനി അഞ്ചാമതൊരാളിലേക്കുകൂടി ഈ ദൗത്യം കൈമാറില്ലെന്നും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര സംഘര്‍ഷത്തിനിടയില്‍ അനന്തമായി നീളുന്ന അമേരിക്കന്‍ ഇടപെടല്‍ ന്യായമല്ലെന്ന് മനസ്സിലാക്കുന്നതായും ബൈഡന് കൂട്ടിച്ചേര്‍ത്തു. സൈന്യത്തെ പിന്‍വലിച്ചാലും അഫ്ഗാന് സര്‍ക്കാരിനും സൈന്യത്തെ സഹായിച്ച അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കും യുഎസിന്റെ പിന്തുണ ഉണ്ടാകുമെന്നും ബൈഡന് പറഞ്ഞു.