കാബൂള്
അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരം പിടിക്കുമ്പോൾ അവിടത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ഭാവി എന്താകുമെന്ന ആശങ്കയാണ് ലോകത്തിന്റെ വിവിധ കോണുകളില്നിന്ന് ഉയരുന്നത്. 1996ല് താലിബാന് ഭരണം പിടിച്ചശേഷം സ്ത്രീകള്ക്കുമേല് നടത്തിയ അടിച്ചമര്ത്തലുകള് മനുഷ്യാവകാശ മൂല്യങ്ങൾ തരിമ്പും മാനിക്കാത്തതായിരുന്നു. എന്നാല് 2001ന് ശേഷം അഫ്ഗാനിലെ സ്ത്രീ സമൂഹം താലിബാന് മുമ്പ് അനുഭവിച്ചിരുന്ന സ്വാതന്ത്ര്യങ്ങളിലേക്ക് തിരിച്ചുവരികയായിരുന്നു. വീണ്ടും നരകതുല്യമാവും സ്ത്രീകളുടെ സ്ഥിതി എന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. താലിബാന് നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളിലെല്ലാം സ്ത്രീകള്ക്കുമേല് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തിത്തുടങ്ങി. പുരുഷന്മാർ കൂടെയില്ലാതെ സ്ത്രീകൾ മാർക്കറ്റുകളിൽ പ്രവേശിക്കരുതെന്ന് കർശന നിർദേശമുണ്ട്. പാദം പുറത്തു കാണുന്ന തരം ചെരിപ്പുകൾ ധരിച്ച് പുറത്തിറങ്ങിയ പെൺകുട്ടികളെ താലിബാന്കാര് ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പലയിടത്തും പെൺകുട്ടികളെ ഇവര് നിർബന്ധിച്ച് വിവാഹം കഴിക്കുന്നതായും എതിർക്കുന്നവരെ ഉപദ്രവിക്കുന്നതായും വധിക്കുന്നതായും വാർത്തകൾ വരുന്നു. കാബൂളിലെ സായിദ് അൽ ഷുഹദ് സ്കൂൾ കവാടത്തിലുണ്ടായ സ്ഫോടനം ഉള്പ്പെടെയുള്ള സംഭവങ്ങള് കാണിക്കുന്നത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും പഠിക്കാനോ ജോലിചെയ്യാനോ സ്വാതന്ത്ര്യം ഉണ്ടാവില്ല എന്നുതന്നെയാണ്. മരണഭയത്തോടെ തന്നെ ഓരോ ദിവസവും നിരവധി സ്ത്രീകള് വിളിക്കാറുണ്ടെന്ന് ശനിയാഴ്ച ബിബിസി കാബൂള് ലേഖിക യാള് ഹക്കീമ അനുഭവക്കുറിപ്പില് പറഞ്ഞിരുന്നു. കൊല്ലപ്പെടുമോ എന്ന് ഭയന്നാണ് ജോലിചെയ്യുന്നതെന്നാണ് അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസിലെ മാധ്യമപ്രവര്ത്തക അനീസ ഷഹീദ് പറയുന്നത്. താലിബാന് കീഴില് അഫ്ഗാന് ജനതയ്ക്ക് സംസാരസ്വാതന്ത്ര്യം തന്നെ ഇല്ലാതായേക്കുമെന്നും ബിബിസിക്ക് നല്കിയ അഭിമുഖത്തിൽ അവര് ആശങ്കപ്പെടുന്നു. രാജ്യത്ത്സ്ത്രീകളുടെ അവകാശങ്ങള്ക്കുവേണ്ടി പ്രവര്ത്തിച്ചിരുന്നവരൊക്കെ വീടിന് പുറത്തിറങ്ങാന് പറ്റാത്ത സ്ഥിതിയിലാണ്. തന്റെ തിരിച്ചറിയല് രേഖകള് ഒളിപ്പിച്ചുവച്ച് കുടുംബത്തോടൊപ്പം ഒളിവിലാണെന്നും അധികം വൈകാതെ താന് പിടിക്കപ്പെടുമെന്നുമാണ് പേര് വെളിപ്പെടുത്താത്ത സാമൂഹ്യ പ്രവര്ത്തക പറഞ്ഞത്.
യുഎൻ അഭയാർഥി ഏജൻസിയുടെ റിപ്പോര്ട്ട് അനുസരിച്ച് മെയ് അവസാനം മുതൽ ഏകദേശം 2,50,000 അഫ്ഗാൻകാർ പലായനം ചെയ്യുകയോ കുടിയൊഴിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അഞ്ച് വര്ഷത്തെ താലിബാന് ഭരണത്തിന് കീഴില് പുരുഷനോടൊപ്പമല്ലാതെ സ്ത്രീക്ക് പുറത്തിറങ്ങാൻ അവകാശം ഉണ്ടായിരുന്നില്ല.