കാബൂൾ
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതോടെ വിവിധ രാജ്യങ്ങൾ കാബൂളിലെ എംബസികളിൽ ഒഴിപ്പിക്കൽ നടപടികൾ ത്വരിതപ്പെടുത്തി. ഇതിന് മുന്നോടിയായി എംബസികളിലെ രഹസ്യരേഖകൾ കത്തിച്ചു. അമേരിക്ക തങ്ങളുടെ ജീവനക്കാരെ ഹെലികോപ്ടർ മാർഗം ഒഴിപ്പിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ നടപടി വേഗത്തിലാക്കിയതായി സ്പെയിൻ അറിയിച്ചു. കാബൂളിൽ നയതന്ത്ര സാന്നിധ്യം തുടരുമെന്നും വിമാനത്താവളത്തിൽ ഒഴിപ്പിക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കുമെന്നും നാറ്റോ വ്യക്തമാക്കി.
തങ്ങളുടെ പൗരരെയും കാബൂൾ വിടാൻ ആഗ്രഹിക്കുന്ന മറ്റുള്ളവരെയും സഹായിക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. 329ഉം 170ഉം യാത്രക്കാരുമായി ആദ്യ വിമാനങ്ങൾ ഇസ്ലമാബാദിലെത്തി. ഞായറാഴ്ച എംബസി ജീവനക്കാരെ ഒഴിപ്പിക്കാൻ നിരവധി അമേരിക്കൻ വിമാനങ്ങൾ എത്തിയതോടെ മറ്റുള്ളവരുടെ ഒഴിപ്പിക്കലിൽ കാലതാമസമുണ്ടായി. പലായനം ചെയ്തവർക്കായി ഇറാൻ അതിർത്തിയിൽ ക്യാമ്പുകൾ തുറന്നു.
അതേസമയം, അഫ്ഗാന്റെ എല്ലാ അതിർത്തിയും താലിബാൻ പിടിച്ചെടുത്തതായി പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലായിരുന്ന അവസാന അതിർത്തിയായ തോർഖാമും അവർ പിടിച്ചു.