കോഴിക്കോട്
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബിനുമെതിരെ വനിതാ വിഭാഗമായ ‘ഹരിത’ നേതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചു. വനിതാ കമീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണമാരംഭിച്ചത്. കോഴിക്കോട്ട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ നേതാക്കൾ അശ്ലീലച്ചുവയിൽ സംസാരിച്ചെന്നാണ് 10 ഹരിത നേതാക്കൾ വനിതാ കമീഷനിൽ നൽകിയ പരാതി. പരാതി സിറ്റി പൊലീസ് മേധാവി എ വി ജോർജിന് കൈമാറി. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി. കമീഷണർ പി സി ഹരിദാസന്റെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഹരിത നേതാക്കളിൽ ഒരാളുടെ മൊഴിയെടുത്തു. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നുമായിരുന്നു മൊഴി. വൈകാതെ കേസ് രജിസ്റ്റർചെയ്യുമെന്നാണ് സൂചന. അതിനിടെ പരാതി ഒതുക്കിത്തീർക്കാൻ മുസ്ലിംലീഗ് നേതൃത്വം ശ്രമം തുടങ്ങി. എന്നാൽ പെൺകുട്ടികൾ സമ്മർദത്തിന് വഴങ്ങിയിട്ടില്ല. ഇത് വരുംദിവസങ്ങളിൽ ലീഗിനകത്ത് തുടർചലനമുണ്ടാക്കും.