തിരുവനന്തപുരം
സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റ് പാർടി നിർണായക പങ്കുവഹിച്ചതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. ‘ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഹുജന സമരമായി സ്വാതന്ത്ര്യസമരത്തെ മാറ്റാൻ കമ്യൂണിസ്റ്റ് പാർടി വലിയ സംഭാവന നൽകി.
പൂർണ സ്വാതന്ത്ര്യമെന്ന മുദ്രാവാക്യം രാജ്യത്ത് ആദ്യം ഉയർത്തിയത് കമ്യൂണിസ്റ്റുകാരാണ്. സ്വാതന്ത്ര്യസമരത്തിൽ കൃഷിക്കാർ, തൊഴിലാളികൾ, യുവജനങ്ങൾ, എഴുത്തുകാർ ഉൾപ്പെടെയുള്ള മുഴുവൻ വിഭാഗങ്ങളെയും അണിനിരത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. എല്ലവിഭാഗം ജനങ്ങളെയും അവരവരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുകയും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന്റെ ആവശ്യകതയിലേക്ക് എത്തിക്കാനും കമ്യൂണിസ്റ്റുകാരുടെ പ്രവർത്തനത്തിന് കഴിഞ്ഞു. ഇതുകൊണ്ടാണ് കമ്യൂണിസ്റ്റുകാർക്കെതിരെ ബ്രിട്ടീഷുകാർ തുടർച്ചയായി ഗൂഢാലോചന കേസുകൾ എടുത്തതും തുറുങ്കിലടച്ചതും തൂക്കിക്കൊന്നതും. എന്നിട്ടും സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാർ ഉറച്ചുനിന്നു.
രണ്ടാം ലോക യുദ്ധത്തിന്റെ ഒരു ഘട്ടത്തിലെടുത്ത നിലപാടു സംബന്ധിച്ച് ചില പോരായ്മയുണ്ടായി. സാമ്രാജ്യത്വശക്തികൾ ലോകത്തെ വെട്ടിമുറിക്കാൻ നടത്തിയ യുദ്ധമായിരുന്നു ഇത്. സാമ്രാജ്യത്വ യുദ്ധത്തിനെതിരായി ജനങ്ങളെ അണിനിരത്തുന്ന പ്രവർത്തനം ഇന്ത്യയിൽ കമ്യൂണിസ്റ്റുകാർ നടത്തി. ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ യുദ്ധത്തിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായി. തൊഴിലാളി വർഗത്തിന്റെ ആദ്യ ഭരണകൂടമായ സോവിയറ്റ് യൂണിയനെ സംരക്ഷിക്കുക പുരോഗമനശക്തികളുടെ പ്രധാന കടമയായി. ബ്രിട്ടന്റെ യുദ്ധ യത്നങ്ങളിൽ തടസ്സമുണ്ടാക്കുമെന്നു കരുതിയാണ് കമ്യൂണിസ്റ്റ് പാർടി ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കാതിരുന്നത്. ഇത് ആശയക്കുഴപ്പമുണ്ടാക്കി. സാർവദേശീയ വൈരുധ്യങ്ങളെ ദേശീയ വൈരുധ്യങ്ങളുമായി സംയോജിപ്പിക്കുന്നതിൽ പിശക് സംഭവിച്ചു. പിന്നീട് രാജ്യമെമ്പാടും ഉയർന്ന സമരങ്ങളിൽ കമ്യൂണിസ്റ്റുകാർ മുൻപന്തിയിൽ നിന്നു.
നാം നേടിയ സ്വാതന്ത്ര്യം ഇന്ന് വലിയ വെല്ലുവിളി നേരിടുന്നു. ജനാധിപത്യം, മതനിപേക്ഷത, സ്വാതന്ത്ര്യം എന്നിവയെല്ലാം സ്വാതന്ത്ര്യസമര പാരമ്പര്യമില്ലാത്ത ആർഎസ്എസ്–-ബിജെപി ഭരണാധികാരികൾ കടന്നാക്രമിക്കുന്നു. ജനജീവിതം ഇതുപോലെ ക്ലേശകരമായ സാഹചര്യമുണ്ടായിട്ടില്ല. പാർലമെന്റിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നു. സുപ്രീംകോടതിയുടെ അധികാരം സ്വതന്ത്രമായി വിനിയോഗിക്കാൻ സമ്മതിക്കുന്നില്ല. തെരഞ്ഞെടുപ്പുകമീഷനെയും വരുതിയിലാക്കി. സംസ്ഥാനങ്ങളുടെ അധികാരം കവരുകയും ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്യുന്നു. സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നിലപാടുകളാണ് ബിജെപി സർക്കാർ സ്വീകരിക്കുന്നതെന്നും എസ് ആർ പി പറഞ്ഞു.















