തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട്ട് തന്നെ തോൽപ്പിക്കാൻ പാലോട് രവി ശ്രമിച്ചെന്ന ആരോപണത്തിൽ ഉറച്ച്, സസ്പെൻഷനിലായ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത്. മാധ്യമങ്ങൾക്കുമുന്നിലാണ് ആരോപണം ആവർത്തിച്ചത്.പാലോട് രവിക്കും കൂട്ടാളികൾക്കുമെതിരെയുള്ള പരാതി പാർടി അന്വേഷണ സമിതി മുമ്പാകെ വ്യക്തമാക്കിയിരുന്നു. നടപടിയും ആവശ്യപ്പെട്ടു. എന്നാൽ, സമ്മാനം കൊടുക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കെപിസിസി ജനറൽ സെക്രട്ടറിയായ പാലോട് രവി സ്ഥാനാർഥി ആക്കിയില്ലെങ്കിൽ പ്രവർത്തിക്കാറില്ല. തലേക്കുന്നിൽ ബഷീർ മുതൽ അടൂർ പ്രകാശ്വരെയുള്ള സ്ഥാനാർഥികളോടും ഇതേ നീതികേട് കാട്ടി. അടൂർ പ്രകാശും പാർലമെന്റിൽ മത്സരിച്ച പി ബാലചന്ദ്രൻ ഉൾപ്പെടെയുള്ള സ്ഥാനാർഥികളും കെപിസിസി പ്രസിഡന്റിനോട് പരാതി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരാളെ ഡിസിസി പ്രസിഡന്റോ കെപിസിസി ഭാരവാഹിയോ ആയി പരിഗണിക്കുന്നത് നേതൃത്വം പരിശോധിക്കണം. തന്റെ വാർത്താസമ്മേളനം പൂർണമായും കെപിസിസി പ്രസിഡന്റ് കാണണമായിരുന്നു. എങ്കിൽ നടപടി എടുക്കില്ലായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് കുത്തഴിഞ്ഞെന്നും പാലോട് രവിക്കെതിരെ പരാതി നൽകിയതായും പ്രശാന്ത് പറഞ്ഞിരുന്നു. തുടർന്നാണ് പ്രശാന്തിനെ ആറു മാസത്തേക്ക് കെപിസിസി പ്രസിഡന്റ് സസ്പെൻഡ് ചെയ്തത്.