കാട്ടാക്കട
ക്വാറിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് രണ്ടുപേരെ കൊലപ്പെടുത്തിയശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മാറനല്ലൂർ മൂലക്കോണത്ത് മദ്യപിക്കുമ്പോഴുണ്ടായ തർക്കത്തിനിടയിലാണ് എഐവൈഎഫ് മാറനല്ലൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മൂലക്കോണം ഇളംപ്ലാവിള വീട്ടിൽ അരുൺരാജ് (30) രണ്ടുപേരെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയത്. മാറനല്ലൂർ മലവിള റോഡരികത്തു വീട്ടിൽ ഗോപിയുടെ മകൻ സജീഷ് (39), മൂലക്കോണം ഇളംപ്ലാവിള പുത്തൻവീട്ടിൽ ക്രിസ്പിന്റെ മകൻ സന്തോഷ് കുമാർ (41) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരും എഐവൈഎഫ് പ്രവർത്തകരാണ്.
അരുൺരാജും കൊല്ലപ്പെട്ട സജീഷും മാറനല്ലൂരിലെ പച്ചക്കറി ഹോൾസെയിൽ കച്ചവട ഏജൻസിയിലെ തൊഴിലാളികളും സുഹൃത്തുക്കളുമാണ്. മൂലക്കോണത്ത് അരുണിന്റെ വീടിനു സമീപം ക്വാറി പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും രണ്ടു ദിവസം മുമ്പ് ജോലി സ്ഥലത്ത് തർക്കമുണ്ടായി. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ അരുൺരാജിന്റെ അയൽവാസികൂടിയായ സന്തോഷിന്റെ വീട്ടിൽ മൂവരും ഒത്തുചേർന്ന് മദ്യപിച്ചു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സജീഷ് കൈവശമുണ്ടായിരുന്ന കത്തി അരുൺരാജിന്റെ കഴുത്തിൽ വച്ചു. ഇതിനിടെ സമീപമുണ്ടായിരുന്ന ജാക്കി ലിവർ എടുത്ത് അരുൺരാജ് സജീഷിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് തലയോട്ടി പിളർന്നു.
തടയാൻ ശ്രമിച്ച സന്തോഷിനെയും അടിച്ചുവീഴ്ത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന വാളെടുത്ത് വെട്ടി. മരണം ഉറപ്പുവരുത്തിയശേഷമാണ് അരുൺരാജ് വീട്ടിൽ മടങ്ങിയെത്തിയത്. ശേഷം സാമൂഹ്യമാധ്യമങ്ങളിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.
നാലോടെ വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. വീട്ടുകാർ കണ്ടതിനെത്തുടർന്ന് വിഫലമായി. തുടർന്നാണ് കൊലപാതകങ്ങൾ നടത്തിയ കാര്യം പറഞ്ഞത്. സംഭവം സുഹൃത്തുക്കളെ അറിയിച്ചശേഷം ഞായറാഴ്ച പുലർച്ചെ അഞ്ചിന് മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.