കാബൂൾ
2001 സെപ്തംബർ 11ന് അൽ ഖായ്ദ ഭീകരർ വിമാനം ഇടിച്ചുകയറ്റി വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങൾ തകർത്തതിനു പിന്നാലെയാണ് അൽ ഖായ്ദ വേട്ടയ്ക്കായി യുഎസ് നേതൃത്വത്തിൽ നാറ്റോ സഖ്യസേന അഫ്ഗാനിസ്ഥാനിലെത്തിയത്. അൽ ഖായ്ദയെയും താലിബാനെയും ഇല്ലാതാക്കാനെന്ന് അവകാശപ്പെട്ടാണ് യുഎസ് സഖ്യം യുദ്ധത്തിന് ഇറങ്ങിയത്. എന്നാൽ, അവസാന യുഎസ് സൈനികനും തിരിച്ചുപോകുമ്പോൾ മുമ്പത്തേക്കാളും ശക്തമായി താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തിരിക്കുകയാണ്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധമായിരുന്നു അഫ്ഗാനിൽ. 20 വർഷത്തെ പോരാട്ടത്തിൽ 3800 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. യഥാർഥ മരണസംഖ്യ ഇതിലും കൂടുതലാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇരുപതിനായിരത്തിലധികം സൈനികർക്ക് പരിക്കേറ്റു. മുക്കാൽ ലക്ഷത്തോളം അഫ്ഗാൻ സൈനികരും അതിന്റെ പലമടങ്ങ് സാധാരണക്കാരും കാൽലക്ഷത്തോളം താലിബാൻകാരും കൊല്ലപ്പെട്ടു. രണ്ടു ലക്ഷം കോടി ഡോളർ അമേരിക്ക യുദ്ധത്തിന് ചെലവഴിച്ചെന്നാണ് റിപ്പോർട്ട്.
ഇത്തരത്തിൽ വൻ തുക ചെലവിട്ട് മറ്റൊരു രാജ്യത്തെ സംരക്ഷിക്കേണ്ടതില്ല എന്ന ഡോണൾഡ് ട്രംപിന്റെ നിലപാട് പുതിയ പ്രസിഡന്റ് ജോ ബൈഡനും സ്വീകരിച്ചതോടെയാണ് ഉപാധികളില്ലാത്ത സൈനികപിന്മാറ്റം പൂർത്തിയാക്കിയത്. അഫ്ഗാനിസ്ഥാനിലെത്തിയത് രാജ്യത്തെ പുനർനിർമിക്കാനായിരുന്നില്ലെന്നും അഫ്ഗാന്റെ ഭാവി എങ്ങനെ മുന്നോട്ടു പോകണമെന്ന് തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണെന്നും സൈനികദൗത്യം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബൈഡൻ പറഞ്ഞിരുന്നു.
2020 ഫെബ്രുവരി 29നാണ് ഖത്തറിലെ ദോഹയിൽ അമേരിക്കയും താലിബാനും ‘അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ’ കരാറിൽ ഒപ്പിടാൻ തീരുമാനിച്ചത്.
അൽ ഖായ്ദ അടക്കം യുഎസ് സുരക്ഷയ്ക്ക് ഭീഷണിയായ ഭീകര സംഘടനകൾക്ക് താവളമോ സഹായമോ താലിബാൻ നൽകില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു കരാർ. കരാറിൽ അഫ്ഗാൻ സർക്കാർ കക്ഷിയായിരുന്നില്ല. മാസങ്ങൾ കഴിഞ്ഞ് 2020 സെപ്തംബറിലാണ് ദോഹയിൽ അഫ്ഗാൻ സർക്കാരും താലിബാനും ചർച്ച നടത്തിയത്.
ഒരു കരാർ ഉണ്ടാക്കിയെങ്കിലും താലിബാൻ വെടിനിർത്തലിന് തയ്യാറായില്ല. കരാർ പാലിക്കപ്പെട്ടാൽ 14 മാസത്തിനുള്ളിൽ സൈന്യത്തെ പിൻവലിക്കുമെന്ന് യുഎസ് അറിയിച്ചു. ഇതനുസരിച്ച് മേയിൽ അമേരിക്കൻ സൈന്യം പിന്മാറേണ്ടതായിരുന്നു. അമേരിക്കയിൽ ആക്രമണമുണ്ടായതിന്റെ ഇരുപതാം വാർഷികത്തിൽ സെപ്തംബർ 11ന് സൈന്യത്തെ പൂർണമായി പിൻവലിക്കുമെന്ന് പിന്നീട് പ്രഖ്യാപിച്ചു. എന്നാൽ, അതിനുമുമ്പുതന്നെ സൈന്യത്തെ പിൻവലിക്കുകയായിരുന്നു.