തിരുവനന്തപുരം
ഇടതുപക്ഷ എംപിമാർ പാർലമെന്റിനെ കളങ്കപ്പെടുത്തിയെന്ന വി മുരളീധരന്റെ പ്രസ്താവന പദവിക്ക് ചേരാത്തതെന്ന് എംപിമാരായ എളമരം കരീമും ബിനോയ് വിശ്വവും പ്രസ്താവനയിൽ പറഞ്ഞു. മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും പാർലമെന്റ് ചട്ടത്തിനു വിരുദ്ധമായ നിലപാടുകൾക്കും എതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എന്നാൽ, പ്രതിപക്ഷത്തെ ഗൗനിക്കേണ്ടെന്ന നിലപാടാണ് മന്ത്രിമാർ സ്വീകരിച്ചത്.
പാർലമെന്റ് സുഗമമായി നടത്താൻ ചുമതലപ്പെട്ടവരാണ് പാർലമെന്ററി മന്ത്രിമാർ. അത് തനിക്ക് കഴിയില്ലെന്ന് വി മുരളീധരൻ തെളിയിച്ചു. പണിമുടക്ക് നിരോധിക്കൽ, ജനറൽ ഇൻഷുറൻസ് കോർപറേഷൻ സ്വകാര്യവൽക്കരിക്കൽ തുടങ്ങിയവയായിരുന്നു പാർലമെന്റിൽ വന്ന ബില്ലുകളിൽ ചിലത്. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന പ്രശ്നം സഭയിൽ ചർച്ചചെയ്യാൻ അനുവദിച്ചില്ല. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ രാജ്യസഭയിൽ വന്നില്ല. ജനാധിപത്യ മര്യാദയും പാർലമെന്റ് നടപടിച്ചട്ടവും കേന്ദ്രം കാറ്റിൽ പറത്തി. പിടിവാശി ഉപേക്ഷിക്കാത്ത സർക്കാരാണ് പാർലമെന്റ് സമ്മേളനം ബഹളത്തിൽ മുങ്ങാൻ ഉത്തരവാദി.ഇടതുപക്ഷത്തിന്റെ പാർലമെന്ററി സാന്നിധ്യവും നിലപാടുകളും കേന്ദ്ര സർക്കാർ ഭയപ്പെടുന്നു. ഭീഷണിയുയർത്തി ഇടതുപക്ഷത്തെ നിശ്ശബ്ദമാക്കാമെന്ന് കരുതരുത്. സ്ഥാനത്തിനു ചേരാത്ത പ്രസ്താവനകളിൽനിന്ന് മുരളീധരൻ പിന്മാറണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.