തിരുവനന്തപുരം
ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുകയും സാമൂഹ്യ–- സാമ്പത്തിക സമത്വം ഉറപ്പാക്കുകയും ചെയ്യുകയെന്ന കാഴ്ചപ്പാടോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 75–-ാം സ്വാതന്ത്ര്യദിനത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തുകയായിരുന്നു അദ്ദേഹം. ഉൽപ്പാദനം വർധിപ്പിക്കാനും നീതിയുക്തം വിതരണം ചെയ്യാനുമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചത്. കോവിഡ് പ്രതിരോധത്തിൽ ആരോഗ്യരംഗത്തെ വികാസം ഏറെ സഹായമായി. വികേന്ദ്രീകൃതമായ കേരളത്തിന്റെ സംവിധാനം പ്രളയത്തെയും കോവിഡിനെയും പ്രതിരോധിക്കാൻ സഹായിച്ചു. മഹാമാരിയിൽ ജീവൻ രക്ഷിക്കുന്നതിനാകണം ആദ്യപരിഗണന. ജീവിതോപാധികൾ നിലനിർത്തുകയും പ്രധാനമാണ്.
ഭരണഘടനയുടെ കാഴ്ചപ്പാടുകൾ എത്രത്തോളം ഫലവത്താക്കാൻ കഴിഞ്ഞു എന്ന് പരിശോധിക്കുകകൂടി ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യദിനാഘോഷം അർഥപൂർണമാകുന്നത്. പാർലമെന്ററി ജനാധിപത്യവും സ്ഥാപനങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്ന തരത്തിൽ പ്രവർത്തിക്കുമ്പോഴാണ് സ്വാതന്ത്ര്യ കാഴ്ചപ്പാടുകൾ പ്രാവർത്തികമാകുക. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യത്തെ അമൃതം എന്ന പദവുമായി ആദ്യം ചേർത്തുവച്ചത് മഹാകവി കുമാരനാശാനാണെന്നത് മലയാളികൾക്ക് അഭിമാനമാണ്.
വികസനകാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ട്. പരിസ്ഥിതിയെ നിക്ഷേപമായി കാണണം. പരിസ്ഥിതി ആഘാതം പരിഗണിച്ചാണ് കാർബൺ പുറന്തള്ളൽ ഏറ്റവും കുറഞ്ഞ സമ്പദ്ഘടന എന്ന ആശയം സംസ്ഥാനം മുന്നോട്ടുവച്ചത്. രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും ഇന്ത്യ ചരിത്രപരമായ വളർച്ച നേടി. എന്നാൽ, അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിലും അന്തരം ഇല്ലാതാക്കുന്നതിലും ഏറെ മുന്നോട്ടുപോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.