തിരുവനന്തപുരം
സ്വാതന്ത്ര്യസമരത്തിൽ ത്യാഗോജ്വല നേതൃത്വം നൽകിയവരാണ് ആ തലമുറയിലെ കമ്യൂണിസ്റ്റ് നേതാക്കളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. എ കെ ജി സെന്ററിനുമുന്നിൽ ദേശീയപതാക ഉയർത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിൽ എക്കാലവും ഓർമിക്കുന്ന പേരുകളാണ് ഇ എം എസ്, എ കെ ജി, പി കൃഷ്ണപിള്ള തുടങ്ങിയവരുടേത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പാർടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പി കൃഷ്ണപിള്ളയാണ് ദേശീയ പതാക ഉയർത്തിയത്. സ്വാതന്ത്ര്യാനന്തരം ഇടതുപക്ഷം രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാനും സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ പ്രാവർത്തികമാക്കാനുമാണ് അണിനിരന്നത്. സ്വാതന്ത്ര്യസമര കാലത്തുയർത്തിയ ഏറ്റവും പ്രധാന കാർഷിക മുദ്രാവാക്യമായ കാർഷിക പരിഷ്കരണം പ്രാവർത്തികമാക്കാൻ അധികാരത്തിലെത്തിയ സന്ദർഭങ്ങളിലെല്ലാം ഇടതുപക്ഷം മുൻകൈയെടുത്തു. പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾ പരിരക്ഷിക്കാനായി പ്രവർത്തിച്ചു. ഇപ്പോൾ ഭരണഘടനയെ സംരക്ഷിക്കുക, മതനിരപേക്ഷതയെ സംരക്ഷിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിത്തമില്ലാത്തവരുടെ കൈയിലാണ് ഇന്ന് രാജ്യഭരണം. സ്വാതന്ത്ര്യാനന്തരം ബൂർഷ്വാസിയാണ് രാജ്യഭരണത്തിന് നേതൃത്വം നൽകിയത്. സ്വാതന്ത്ര്യ സമരത്തിൽ പരിമിത പങ്കാളിത്തമുള്ള പ്രസ്ഥാനത്തെയാണ് ഇപ്പോൾ ബൂർഷ്വാസി പിന്തുണയ്ക്കുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ മൂല്യവും സ്വപ്നവും സാക്ഷാൽക്കരിക്കപ്പെട്ടോ എന്നത് ചർച്ച ചെയ്യണം. ഭരണഘടനയും മതനിരപേക്ഷതയും പാവപ്പെട്ടവരുടെ അവകാശങ്ങളും പരിരക്ഷിക്കാൻ വലിയ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.