ന്യൂഡൽഹി
വേണ്ടത്ര ചർച്ചയോ പരിശോധനയോ കൂടാതെ പാർലമെന്റിൽ നിയമങ്ങൾ പാസാക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഇപ്പോഴത്തെ സ്ഥിതി പരിതാപകരം. നിയമങ്ങളിൽ ആശയക്കുഴപ്പവും പഴുതും അവ്യക്തതയും നിറയുന്നു. ചില നിയമം എന്തിനാണെന്നുകൂടി അറിയാനാകുന്നില്ല. ഇതിനാല് ഒരുപാട് കേസും അസൗകര്യവും ഉണ്ടാകുന്നു. സർക്കാരിനും ജനങ്ങൾക്കും നഷ്ടം സംഭവിക്കുന്നു– സുപ്രീംകോടതി ബാർ അസോസിയേഷന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ 20 ബില് ചർച്ചയില്ലാതെ പാസാക്കിയ സാഹചര്യത്തിലാണ് പ്രതികരണം. ശരാശരി എട്ട് മിനിറ്റുപോലും എടുക്കാതെയാണ് പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കിയത്. സുപ്രീംകോടതി വിധി മറികടക്കാനുള്ള രണ്ട് ബില്ലും പാസാക്കി.
മുമ്പ് വ്യവസായബന്ധനിയമം പാർലമെന്റ് പാസാക്കിയപ്പോൾ തമിഴ്നാട്ടിൽനിന്നുള്ള സിപിഐ എം അംഗം പി രാമമൂർത്തി നടത്തിയ ഇടപെടല് ഓർക്കുന്നതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. ബില്ലിന്റെ പ്രത്യാഘാതവും അത് തൊഴിലാളിവർഗത്തെ എങ്ങനെ ബാധിക്കുമെന്നും രാമമൂർത്തി വിശദമായി സഭയെ ധരിപ്പിച്ചു. ഇങ്ങനെ പല നിയമവും വിശദചര്ച്ചയിലൂടെയാണ് പാസാക്കിയത്. അതുവഴി നിയമവ്യാഖ്യാനത്തിൽ കോടതിയുടെ ജോലിഭാരം കുറയുന്നു. നിയമത്തിന്റെ ലക്ഷ്യവും നിയമനിർമാണസഭ എന്താണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാകുന്നു.
ചീഫ് ജസ്റ്റിസിനെ മാനിക്കണം: യെച്ചൂരി
പാർലമെന്റിനെ മാനിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വാക്കുകളെങ്കിലും കേൾക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പാർലമെന്റിനോട് ഉത്തരവാദിത്വം പുലർത്തണമെന്ന ഭരണഘടനാ ബാധ്യത പ്രധാനമന്ത്രി നിറവേറ്റുന്നില്ലെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.