ന്യൂഡൽഹി
എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം രാജ്യമെമ്പാടും ആവേശപൂർവം ആഘോഷിച്ചു. ധീരദേശാഭിമാനികള് രക്തവും ജീവനും നൽകി നേടിയ സ്വാതന്ത്ര്യം എന്ത് വില നൽകിയും കാത്തുസൂക്ഷിക്കുമെന്ന് ജനകോടികൾ പ്രതിജ്ഞ പുതുക്കി. വിദേശമൂലധനശക്തികൾക്ക് രാജ്യത്തിന്റെ പരമാധികാരം അടിയറവയ്ക്കുന്നതിനെതിരെ പോരാട്ടം തുടരുമെന്ന പ്രഖ്യാപനമുണ്ടായി. വീടുകളിലും സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ത്രിവർണ പതാക ഉയർന്നു. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പരിപാടികൾ.
ഡൽഹിയിൽ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനിൽ പൊളിറ്റ്ബ്യൂറോ അംഗം ഹന്നൻ മൊള്ള ദേശീയ പതാക ഉയർത്തി. പൊളിറ്റ്ബ്യൂറോ അംഗം തപൻ സെൻ സംസാരിച്ചു. സിപിഐ ആസ്ഥാനമായ അജോയ്ഭവനിൽ പാർടി ജനറൽ സെക്രട്ടറി ഡി രാജ ദേശീയ പതാക ഉയർത്തി. സിന്ഘു കർഷകസമരകേന്ദ്രത്തിൽ അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് സംസാരിച്ചു. കർഷകപ്പോരാളികൾ ദേശീയ പതാക ഉയർത്തി.
ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ ഔദ്യോഗിക ദിനാചരണം സംഘടിപ്പിച്ചു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. കോവിഡ് മുൻനിരപ്പോരാളികളും ടോക്യോ ഒളിമ്പിക്സ് മെഡൽ ജേതാക്കളും പ്രത്യേക അതിഥികളായി.സംസ്ഥാനത്തും സ്വാതന്ത്ര്യദിനം സമുചിതം ആഘോഷിച്ചു. രാജ്ഭവനിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പതാക ഉയർത്തി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാകയുയർത്തി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. നിയമസഭാ സമുച്ചയത്തിലെ ദേശീയനേതാക്കളുടെ പ്രതിമയിൽ സ്പീക്കർ എം ബി രാജേഷ് പുഷ്പാർച്ചന നടത്തി. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരും പതാക ഉയർത്തി.
തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ദേശീയപതാക ഉയർത്തി. ജില്ലാ കമ്മിറ്റികളടക്കം വിവിധ ഘടകങ്ങളിലും രാവിലെ പതാക ഉയർത്തി.