തിരുവനന്തപുരം:എഴുപത്തി അഞ്ച് വർഷം കഴിഞ്ഞപ്പോൾ ആദ്യ സ്വാതന്ത്ര്യദിനം ആഘോഷിച്ച സി.പി.എമ്മിന്റെ സൽബുദ്ധി സ്വാഗതാർഹമാണെങ്കിലും ഇത്രയും കാലം ചെയ്തത്തെറ്റാണെന്ന് ഏറ്റുപറയാനുള്ള നട്ടെല്ലുണ്ടാകണമെന്ന് കെ.പി.സി.സി അധ്യക്ഷക്ഷൻ കെ.സുധാകരൻ. കെ.പി.സി.സി ആസ്ഥാനത്ത് സ്വതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഒരു ചരിത്രവും അവകാശപ്പെടാനില്ലാത്ത പ്രസ്ഥാനമാണ് സി.പി.എം. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തവരാണ് കമ്യൂണിസ്റ്റുകാർ. ഗാന്ധിജിയെയും അഹിംസയെയും അവർ തിരസ്കരിച്ചു. കോൺഗ്രസിന്റെ രാക്ഷ്ട്രീയ ലക്ഷ്യത്തെ അവർ പരസ്യമായി അധിക്ഷേപിച്ചെന്നും സുധാകരൻ പറഞ്ഞു.
എഴുപത്തി അഞ്ച് വർഷം കാത്തിരുന്നിട്ടും കോൺഗ്രസിന്റെ ലക്ഷ്യത്തെ തകർക്കാൻ കഴിയാതെ, മാറ്റത്തിന് വിധേയമായി കമ്യൂണിസ്റ്റുകാർ സ്വന്തം പാർട്ടി ആസ്ഥാനത്ത് ദേശീയപതാക ഉയർത്തിയ വിവേകത്തെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.
വിഘടനവാദത്തെയും വർഗീയതയേയും അതിജീവിച്ച് ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ കരുത്തുകാട്ടാനും സമാധാനവും ഐക്യവും സംരക്ഷിക്കാനും കോൺഗ്രസ് നൽകിയസംഭാവനകൾ വലുതാണ്. ആ നേട്ടം അവകാശപ്പെടാൻ ബി.ജെ.പിക്കും സി.പി.എമ്മിനും കഴിയില്ല.സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം പോലും വിഭാഗീയതയും വിദ്വേഷവും വളർത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചത്. ആഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമർശം ഹിന്ദുവർഗീയത തിളച്ചുമറിയുന്ന ഒരു രാഷട്രീയനേതാവിന്റേതാണ്. ജനമനസ്സിൽ വർഗീയതയുടെ തീ കോരിയിടാനാണ് പ്രധാനമന്ത്രിയുടെ ശ്രമം, സുധാകരൻ പറഞ്ഞു.
Content Highlight: CPM has to apologize for rejecting Independence Day for 75 years says K Sudhakaran














