ചെന്നൈ > ക്ഷേത്രങ്ങളിൽ എല്ലാ ജാതിയിലുള്ളവരെയും പൂജാരിമാരാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തമിഴ്നാട് സർക്കാർ. പിന്നോക്ക ജാതിയിലുള്ള 58 പേർക്കാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമന ഉത്തരവുകൾ കൈമാറിയത്. ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ ക്ഷേത്രങ്ങളിൽ ഇല്ലാതാക്കുമെന്ന് ഡിഎംകെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. തമിഴ്നാട് ക്ഷേത്രാചാരപ്രകാരം പരിശീലനം പൂർത്തിയാക്കിയവരെയാണ് പൂജാരിമാരായി നിയമിച്ചത്.
ക്ഷേത്രകാര്യങ്ങളിൽ തീരുമാനമടുക്കാനുള്ള പരമാധികാരം ഏതെങ്കിലും പ്രത്യേക ജാതിക്കാർക്ക് മാത്രമായി നൽകിയിട്ടില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. 2018 ൽ രണ്ട് പിന്നോക്ക ജാതിയിൽപ്പെട്ടവർക്ക് മധുരയിലെ ക്ഷേത്രത്തിൽ പൂജാരിമാരായി നിയമനം നൽകിയിരുന്നു. കേസുകളും നിയമതടസ്സങ്ങളും കാരണം ഈ നിയമനം തുടരാനായിരുന്നില്ല. 2006 ൽ പരിശീലനം പൂർത്തിയാക്കി കാത്തിരുന്നവർക്കാണ് ഡിഎംകെ സർക്കാർ നിയമനം നൽകിയത്. ഇവരിൽ 24 പേർ സർക്കാർ പാഠശാലകളിലും, 34 പേർ മറ്റിടങ്ങളിലുമാണ് പരിശീലനം പൂർത്തിയാക്കിയത്.