കാബൂൾ> തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ പ്രവേശിച്ചതായി അഫ്ഗാൻ അഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്റഫ് ഗാനി പ്രത്യേക യുഎസ് പ്രതിനിധി സൽമയ് ഖലീൽസാദിനോടും നാറ്റോ ഉദ്യോഗസ്ഥരുമായും അടിയന്തര ചർച്ചകൾ നടത്തുന്നതായി സൂചന. കാബൂളിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേയ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാബൂളിന്റെ സമാധാനപരമായ കീഴടങ്ങൽ സംബന്ധിച്ച് താലിബാനുമായി ഗനിയുടെ സർക്കാർ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
നാല് ഭാഗത്തുനിന്നും നഗരത്തിലേക്ക് ഭീകരർ പ്രവേശിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ഔദ്യോഗിക സ്ഥിരീകരണം. തലസ്ഥാന നഗരവും ഭീകരർ പിടിച്ചെടുക്കുന്നതോടെ അഫ്ഗാനിസ്ഥാൻ പൂർണമായും താലിബാൻ നിയന്ത്രണത്തിലാവുകയാണ്.
എന്നാൽ ജനനിബിഡമായ കാബൂൾ നഗരത്തിൽ യുദ്ധത്തിന് താൽപര്യമില്ലെന്നും പ്രവേശന കവാടങ്ങളിൽ കാത്തുനിൽക്കാനാണ് തങ്ങളുടെ പോരാളികൾക്ക് നിർദേശം നൽകിയതെന്നും താലിബാൻ പുറത്തിറക്കിയ പ്രസ്താവയിൽ പറയുന്നു. ജനങ്ങൾ പലായനം ചെയ്യേണ്ട കാര്യമില്ല. സമാധാനപരമായ അധികാര കൈമാറ്റത്തിന് സർക്കാർ തയ്യാറാകണം.
സംഘർഷത്തിന് മുതിരരുതെന്നും പിന്മാറാൻ തയ്യറാകണമെന്നും സുരക്ഷസേനയ്ക്ക് താലിബാൻ മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ ജീവനും സ്വത്തിനും ബഹുമാനത്തിനും കോട്ടം തട്ടാതെ അധികാര പരിവർത്തന പ്രക്രിയ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും താലിബാൻ പ്രസ്താവനയിൽ പറയുന്നു.