വീട്ടമ്മയെ ഫോണിൽ വിളിച്ച 44 പേരിൽ 20 പേരെ കഴിഞ്ഞ ദിവസം പോലീസ് വിളിപ്പിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല. വീട്ടമ്മയുടെ മൊബൈൽ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീട്ടമ്മയുടെ പരാതിയിൽ ഉടൻ തന്നെ ശക്തമായ നടപടിയുണ്ടാകും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം ചങ്ങനാശേരി വാകത്താനം സ്വദേശിനിയായ വീട്ടമയുടെ മൊബൈൽ ഫോൺ നമ്പരാണ് ചിലർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ പൊതു ശുചിമുറികളിലടക്കം നമ്പർ എഴുതിവച്ചതോടെ ഫോണിലൂടെ നിരന്തര ശല്യമാണ് ഉണ്ടാകുന്നതെന്ന് ഇവർ പറഞ്ഞു. പോലീസിൽ പരാതി നൽകിയെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഫോൺ നമ്പർ മാറ്റാണ് പോലീസ് നിർദേശിച്ചതെന്നും വ്യക്തമാക്കി.
ശക്തമായ നടപടിയിലൂടെ കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. സ്ത്രീകൾക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവർ കടുത്ത സമൂഹ വിരുദ്ധരാണ്. അവർക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പോലീസ് നിറവേറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഭർത്താവ് ഉപേക്ഷിച്ചതിനാൽ നാല് മക്കൾക്കൊപ്പമാണ് വീട്ടമ്മ താമസിക്കുന്നത്.