തിരുവനന്തപുരം > കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതുവഴി തെളിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാന ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. എല്ലാ തദ്ദേശസ്ഥാപനത്തിലും ഒരു വർഷത്തെ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം ഗോർക്കിഭവനിലെ സി ഡിറ്റ് സ്റ്റുഡിയോയിൽ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. ജനകീയാസൂത്രണത്തിന്റെ ആരംഭഘട്ടത്തിൽ സംഘടിപ്പിച്ച ജനാധികാര കലാജാഥയിലെ സംഗീതശിൽപ്പം പുനരാവിഷ്കരിക്കും. 1996ൽ രംഗാവതരണം നടത്തിയ അതേ കലാകാരൻമാരാണ് അവതരിപ്പിക്കുക. ജനകീയാസൂത്രണത്തെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിക്കുന്ന 25 പുസ്തകത്തിലെ ആദ്യ പുസ്തകത്തിന്റെ പ്രകാശനവും നടക്കും.
ഉച്ചയ്ക്ക് രണ്ടിന് തദ്ദേശസ്ഥാപനങ്ങളിലെ പരിപാടിയിൽ 1996 മുതലുള്ള അധ്യക്ഷൻമാരെയും ജനപ്രതിനിധികളെയും ജനകീയാസൂത്രണത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്നദ്ധ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും അനുമോദിക്കും. തദ്ദേശസ്ഥാപന നേതൃത്വത്തിൽ വയോജന ക്ലബ്ബുകൾ രൂപീകരിക്കും. പഞ്ചായത്തിൽ ഒരു വിനോദസഞ്ചാരകേന്ദ്രവും കളിസ്ഥലവും വികസിപ്പിക്കും. സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കും. മിയാവാക്കി മാതൃകയിൽ ജനവനം പച്ചത്തുരുത്തുകൾ ഒരുക്കും.
ഓരോ തദ്ദേശസ്ഥാപനവും 25 വർഷത്തെ മുന്നേറ്റത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കും. നിയമ സാക്ഷരതാ പരിപാടികളും കേന്ദ്ര–-സംസ്ഥാന–-പ്രാദേശിക സർക്കാർ ബന്ധങ്ങളെക്കുറിച്ച് സെമിനാറും സംഘടിപ്പിക്കും. രജത ജൂബിലി ആഘോഷസമാപനത്തിന്റെ ഭാഗമായി അധികാര വികേന്ദ്രീകരണവും തദ്ദേശഭരണവും സംബന്ധിച്ചുള്ള അന്തർദ്ദേശീയ കോൺഗ്രസിന് സംസ്ഥാനം ആതിഥ്യമരുളുമെന്നും മന്ത്രി പറഞ്ഞു.