ന്യൂഡൽഹി > തോക്കിനും ലാത്തിക്കും മുന്നിൽ നെഞ്ചുവിരിച്ച്, ചോരയും ജിവനും നൽകി ഒരു ജനത ത്രിവർണ പതാക നെഞ്ചേറ്റിയ ദിനം… സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച് സ്വതന്ത്ര ഇന്ത്യ പിറവിയെടുത്തിട്ട് ഏഴരപ്പതിറ്റാണ്ട്… അഞ്ഞൂറിൽപരം നാട്ടുരാജ്യങ്ങൾ ഒന്നിച്ചുചേർന്ന ഐക്യ ഇന്ത്യയുടെ 75–ാം സ്വാതന്ത്ര്യദിനം ഞായറാഴ്ച വിപുലമായി ആചരിക്കും.
രാജ്യത്തെ ജനാധിപത്യസംവിധാനവും ഭരണഘടനയും കടുത്ത ഭീഷണി നേരിടുന്ന ഘട്ടത്തിലാണ് ദിനാചരണം. കച്ചവടത്തിനു വന്ന് ഭരണം കൈക്കലാക്കിയ ബ്രിട്ടീഷുകാരോട് പൊരുതി നേടിയ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ പ്രതിജ്ഞ പുതുക്കാനുള്ള അവസരമായി പുരോഗമന, ജനാധിപത്യ ശക്തികൾ ദിനാചരണത്തെ ഉപയോഗിക്കും.
ഭരണവർഗവഞ്ചന തുറന്നുകാണിച്ച് സ്വാതന്ത്ര്യവാർഷികം സിപിഐ എം നേതൃത്വത്തിൽ ആചരിക്കും. ദേശീയ ആസ്തികളടക്കം വിദേശ കോർപറേറ്റുകൾക്ക് വിൽക്കുന്ന ഭരണനയങ്ങൾക്കെതിരെ ജനവികാരം ജ്വലിപ്പിക്കാനുള്ള വേദിയായി ചടങ്ങുകൾ മാറും. ഡൽഹി എ കെ ജി ഭവനിലടക്കം രാജ്യമെമ്പാടും സിപിഐ എം പ്രവർത്തകർ ദേശീയപതാക ഉയർത്തും. സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് പാർടിയും വഹിച്ച ധീരോദാത്തമായ പങ്ക് ഉയർത്തിക്കാട്ടും. സ്വാതന്ത്ര്യസമര വാഗ്ദാനങ്ങളെയും ലക്ഷ്യത്തെയും കോൺഗ്രസും ബിജെപിയും വഞ്ചിച്ചത് തുറന്നുകാട്ടും. പലപ്പോഴും ബ്രിട്ടീഷുകാരുമായി സഹകരിച്ച് സ്വാതന്ത്ര്യസമരത്തിൽനിന്ന് ആർഎസ്എസ് വിട്ടുനിന്നത് ഓർമിപ്പിക്കും. മതനിരപേക്ഷ ജനാധിപത്യ ഭരണഘടന അട്ടിമറിക്കാൻ വർഗീയശക്തികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്യും.
സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ സിപിഐയും ആഹ്വാനം നൽകി.
ഡൽഹി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് മുൻനിര പോരാളികളെയും ഒളിമ്പിക് മെഡൽ ജേതാക്കളെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിലാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
അടുത്തവർഷം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികമായതിനാൽ ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് തുടക്കമാകുക.
സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തും
തിരുവനന്തപുരം > രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം സംസ്ഥാനം വിപുലമായി ആഘോഷിക്കും. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. തുടർന്ന്, വിവിധ സേനാവിഭാഗത്തിന്റെ അഭിവാദ്യവും സ്വീകരിച്ച് സ്വാതന്ത്ര്യദിനസന്ദേശം നൽകും. വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. കോവിഡിന്റെ പശ്ചാത്തലത്തിൽ പരിപാടികളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ജില്ലകളിൽ മന്ത്രിമാർ ദേശീയപതാക ഉയർത്തും. സിപിഐ എം നേതൃത്വത്തിലും സ്വാതന്ത്ര്യദിനാചരണം നടത്തും. എ കെ ജി സെന്ററിൽ രാവിലെ എട്ടിന് സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പതാക ഉയർത്തും.