തിരുവനന്തപുരം > പാർലമെന്റിൽ പ്രതിപക്ഷ എംപിമാർക്കെതിരെ നടമാടിയ ഗുണ്ടായിസത്തിൽ പ്രതിഷേധിക്കാൻ സിഐടിയു സംസ്ഥാന കമ്മിറ്റി മുഴുവൻ ഘടക യൂണിയനോടും അഭ്യർഥിച്ചു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ എം രാജ്യസഭാ നേതാവുമായ എളമരം കരീം ഉൾപ്പെടെയുള്ള എംപിമാരെയാണ് മാർഷൽ എന്ന രൂപത്തിൽ എത്തിയ ഗുണ്ടകൾ ആക്രമിച്ചത്. പാർലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ജനറൽ ഇൻഷുറൻസ് ബിൽ തിരക്കിട്ട് അവതരിപ്പിക്കുന്നതിനെ രാജ്യസഭയിൽ എളമരം കരീമിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ചോദ്യം ചെയ്തപ്പോഴായിരുന്നു അക്രമം. വനിതാ എംപിമാരടക്കമുള്ളവരെ മാർഷൽമാർ കൂട്ടംകൂട്ടമായെത്തി ആക്രമിച്ചു. രാജ്യസഭയിൽ സാധാരണ 14 മാർഷൽമാരാണ് ഡ്യൂട്ടിയിലുണ്ടാകുക. അന്നത്തെ ദിവസം 42 മാർഷൽമാർ ജനപ്രതിനിധികളെ അടിച്ചൊതുക്കാൻ നിയോഗിക്കപ്പെട്ടു. ഇവർ മാർഷൽമാർതന്നെയാണോ ആർഎസ്എസ് ഗുണ്ടകളാണോ എന്നത് അന്വേഷിക്കണം. ഗുണ്ടായിസം കാണിച്ചവർക്കെതിരെ നടപടി സ്വീകരിക്കേണ്ടതിന് പകരം എംപിമാർക്കെതിരെ നടപടി സ്വീകരിക്കാനാണ് ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും പാർലമെന്ററികാര്യ മന്ത്രിയും ശ്രമിക്കുന്നത്. ഈ നടപടികൾ പാർലമെന്ററി നടപടികൾ കൂടുതൽ വഷളാക്കാനേ ഉതകൂവെന്നും സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.