തിരുവനന്തപുരം > സഖാവ് പി കൃഷ്ണപിള്ളദിനം 19ന് സമുചിതം ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് ഓഫീസുകൾ അലങ്കരിച്ചും പാർടി പതാക ഉയർത്തിയും ദിനം വിജയിപ്പിക്കണം.
ജനങ്ങൾക്ക് പ്രയാസമുണ്ടായപ്പോഴെല്ലാം കണ്ണീരൊപ്പാൻ ത്യാഗപൂർണ പ്രവർത്തനമാണ് കൃഷ്ണപിള്ളയും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നിർവഹിച്ചത്. ആ പാരമ്പര്യം ഉയർത്തിപ്പിടിച്ച് കോവിഡ് മഹാമാരിയെ അതിജീവിക്കാൻ പാർടി, ബഹുജനസംഘടനാ പ്രവർത്തകരും ഇടപെടണം.
കൃഷ്ണപിള്ള വിട്ടുപിരിഞ്ഞിട്ട് 73 വർഷം തികയുന്നു. 1937ൽ കോഴിക്കോട്ട് രൂപീകരിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് പാർടി യൂണിറ്റിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിലും നേതൃപരമായ പങ്കുവഹിച്ചു. ആലപ്പുഴയിലെ കയർത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടൺമിൽ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി, നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിൽ കൃഷ്ണപിള്ളയുടെ നേതൃപരമായ പങ്ക് വലുതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. ഒളിവ് ജീവിതത്തിനിടെ പാമ്പുകടിയേറ്റായിരുന്നു അദ്ദേഹത്തിന്റെ മരണം. കോവിഡിൽനിന്ന് മുക്തമാകാനുള്ള ശ്രമത്തിനിടെയാണ് ഇത്തവണ കൃഷ്ണപിള്ളയുടെ സ്മരണ പുതുക്കുന്നത്.
ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനുപകരം കേന്ദ്രസർക്കാർ ഹിന്ദുത്വ അജൻഡ തീവ്രമാക്കാനും നവ–- ഉദാര സാമ്പത്തികനയം ശക്തമാക്കാനും കോവിഡിനെ ഉപയോഗിക്കുന്നു. രാജ്യത്തെ ജഡ്ജിമാരും മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരുമുൾപ്പെടെ കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ്. തൊഴിലാളിവർഗം പൊരുതിനേടിയ അവകാശങ്ങളും നിയമങ്ങളും നിഷേധിക്കുന്നു. പാർലമെന്റിൽപ്പോലും അവകാശങ്ങൾക്ക് അവസരമില്ല. വർഗീയത പരത്തി സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്നു. ഇതിനെല്ലാം എതിരെ കടുത്ത പ്രതിഷേധം രാജ്യത്ത് ശക്തിപ്പെടുകയാണ്. കൃഷ്ണപിള്ളയുടെ സ്മരണ വെല്ലുവിളികളെ നേരിടാൻ നമുക്ക് കരുത്തുപകരും.
തുടർഭരണത്തിലൂടെ ജനകീയ അംഗീകാരം നേടി ബദൽ കാഴ്ചപ്പാടുമായി എൽഡിഎഫ് മാതൃകാഭരണമാണ് കേരളത്തിൽ കാഴ്ചവയ്ക്കുന്നത്. സർക്കാരിനെ ദുർബലപ്പെടുത്താനും കടന്നാക്രമിക്കാനുമാണ് യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമിക്കുന്നത്. കോവിഡിനെ നേരിടുന്ന ഘട്ടത്തിലും പാവപ്പെട്ടവർക്ക് ആശ്വാസമെത്തിക്കാൻ പരമാവധി ശ്രമിക്കുന്ന സർക്കാരാണ് ഇതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.