തിരുവനന്തപുരം > ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിക്കുന്നതിനുമുമ്പേ കെപിസിസി നേതൃത്വത്തിനെതിരെ ഗ്രൂപ്പുകൾ രംഗത്ത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ നോക്കുകുത്തിയാക്കി കെ സുധാകരനും വി ഡി സതീശനും സാധ്യതാപട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറിയതോടെയാണ് പരാതി ഉയർന്നത്.
വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്നാരോപിച്ച് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഹൈക്കമാൻഡിന് രേഖാമൂലം പരാതി നൽകി. ഈ പരാതി തള്ളി കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിനെ നിലപാട് അറിയിച്ചു. നേതൃത്വത്തിൽ ഇപ്പോൾ തങ്ങളാണെന്നും മറ്റുള്ളവരുടെ നിയന്ത്രണം വേണ്ടെന്നുമാണ് ഇവരുടെ മറുപടി. പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നീക്കമെന്ന് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആരോപിച്ചു.
പരസ്യവിമർശവുമായി നെടുമങ്ങാട്ട് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത് രംഗത്തുവന്നു. പ്രശാന്തിനെ സസ്പെൻഡ് ചെയ്തതായി കെ സുധാകരൻ അറിയിച്ചു. തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചയാളെ ഭാരവാഹിയാക്കാൻ നീക്കമെന്നാണ് പ്രശാന്ത് ആരോപിച്ചത്.
സമവായ ശ്രമങ്ങൾ പാളിയതോടെയാണ് സുധാകരനും സതീശനും രാഹുൽ ഗാന്ധിക്ക് പട്ടിക കൈമാറിയത്. 14 ഡിസിസിയിലും നാലും അഞ്ചും പേരുള്ള പട്ടികയാണ് നൽകിയത്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാലും താരിഖ് അൻവറും സുധാകരന്റെയും സതീശന്റെയും നീക്കങ്ങൾക്ക് പിന്നിലുണ്ട്. രാഹുൽ ഗാന്ധിക്ക് പട്ടിക നൽകി സുധാകരനും സതീശനും കേരളത്തിലേക്ക് മടങ്ങി.
ഡിസിസികളിലെ തർക്കം തീരാത്തതിനാൽ കെപിസിസി അഴിച്ചുപണി പിന്നീട് മതിയെന്നാണ് നിലപാട്. എ, ഐ ഗ്രൂപ്പുകളുടെ നോമിനികളെ കാര്യമായി പരിഗണിക്കാത്തതിനാലാണ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിച്ചത്. കെ സുധാകരനും വി ഡി സതീശനും മൂന്ന് വർക്കിങ് പ്രസിഡന്റുമാരും കൂടിയാലോചിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. രാഹുൽ ഗാന്ധിയുടെ പക്കലുള്ള പട്ടികയിൽ കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണായകമാണ്.