അങ്കമാലി > തളർന്ന് കിടപ്പിലായ മകനെ പരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോറിക്ഷ ചാർജിനായി അമ്മിണിക്ക് ഇത്തവണ ആരുടെ മുന്നിലും കൈനീട്ടേണ്ട. വാർധക്യകാല പെൻഷൻ 3200 രൂപ കൈയിൽ കിട്ടിക്കഴിഞ്ഞു. മഞ്ഞപ്ര പഞ്ചായത്ത് ഏഴാംവാർഡിൽ പാറയ്ക്കപ്പറമ്പിൽ അമ്മിണി വേലായുധൻ ദുരിതങ്ങൾക്കിടയിലും ആശ്വാസംകൊള്ളുന്നത് സർക്കാരിന്റെ കൈത്താങ്ങിലാണ്.
അനാരോഗ്യത്തിലും കൂലിപ്പണി ചെയ്ത് ജീവിതം തള്ളിനീക്കിയ അമ്മിണിക്ക്, കുടുംബത്തിന്റെ അത്താണിയായ ഭർത്താവ് വേലായുധന്റെ വേർപാട് സൃഷ്ടിച്ച ആഘാതത്തിനിടയിലാണ് മകൻ പ്രതീഷ് കിടപ്പിലായത്. മൂന്നുവർഷംമുമ്പ് വാഹനാപകടത്തിൽ ശരീരം തളർന്ന പ്രതീഷിന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. പ്രതിമാസ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ആരുടെയെങ്കിലും കാരുണ്യം വേണം.
അമ്മിണിയുടെ മൂത്തമകൻ വിജേഷിന്റെയും ജീവിതം, മറ്റൊരു അപകടത്തിൽ വഴിമുട്ടിയതാണ്. ആശാരിപ്പണിക്കാരനായ വിജേഷ് 10 വർഷംമുമ്പ് കെട്ടിടത്തിനുമുകളിൽനിന്ന് വീഴുകയായിരുന്നു. ഏറെ ചികിത്സകൾക്കുശേഷവും ആരോഗ്യം വീണ്ടുകിട്ടിയില്ല. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാൻ കടത്തിണ്ണയിലിരുന്ന് ഭാഗ്യക്കുറി വിൽക്കുകയാണ് വിജേഷ്.
നാട്ടിലെ പുരോഗമന യുവജനപ്രസ്ഥാനങ്ങളുടെ സഹായംകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. ഇതിനിടയിൽ കിട്ടുന്ന പെൻഷൻ അമ്മിണിക്ക് ഓണം ആഘോഷിക്കാനുള്ളതല്ല . ‘ഇത് പാവങ്ങളുടെ സർക്കാരാണ് മക്കളേ. ഞങ്ങളെപ്പോലെയുള്ള പട്ടിണിക്കാർക്ക് ഓണക്കിറ്റും പെൻഷനും നൽകി സംരക്ഷിക്കുന്നവർക്ക് നല്ലതേവരൂ’–-അമ്മിണിയുടെ വാക്കുകളിൽ നിറയെ സർക്കാരിനോടുള്ള കടപ്പാട്.