തിരുവനന്തപുരം > കേന്ദ്ര സർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി നടപ്പായാൽ സാധാരണക്കാരുടെ വൈദ്യുതി നിരക്ക് വൻതോതിൽ കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപയോക്താക്കൾ സ്വകാര്യ കമ്പനികളുടെ ദയാവായ്പിന് കീഴിലാകും.
വൈദ്യുതി മേഖലയുടെ നിയന്ത്രണം പൂർണമായും കേന്ദ്രത്തിൽ നിക്ഷിപ്തമാക്കുന്നതാണ് ഭേദഗതി. എല്ലാവർക്കും വൈദ്യുതി നൽകാനുള്ള ഉത്തരവാദിത്തം കമ്പനികൾക്കില്ല. ലാഭം മാത്രം ലക്ഷ്യമിടുന്ന ഇവർ ഗ്രാമീണമേഖലയിൽ വിതരണത്തിന് തയ്യാറാകില്ല. സംസ്ഥാന റഗുലേറ്ററി കമീഷനുകളുടെ അധികാരത്തിനും കടിഞ്ഞാണിടും. നിരക്ക് നിശ്ചയിക്കുന്നതിൽ ഉൾപ്പെടെ കേന്ദ്രനിർദേശം ബാധകമാകും. പൊതുമേഖലാ കമ്പനിയുടെ സാമ്പത്തികാടിത്തറ ദുർബലമാകും. ലൈനുകളുടെ ആധുനികവൽക്കരണം, ശക്തിപ്പെടുത്തൽ, പരിപാലനം എന്നിവ താളംതെറ്റും.
മുമ്പ് വൈദ്യുതി വിതരണം സംസ്ഥാന വിഷയമായിരുന്നു. സ്വകാര്യവൽക്കരണ സമ്മർദമുണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാനുള്ള അവകാശമുണ്ടായിരുന്നു. അത്തരം അവകാശം ഇല്ലാതാക്കുന്നതാണ് നിയമഭേദഗതി.
ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായാണ് നിയമസഭ പ്രമേയം അംഗീകരിച്ചത്.
2003ലെ വൈദ്യുതി നിയമത്തിന് തുടർച്ചയായി സംസ്ഥാന വൈദ്യുതി ബോർഡുകളെ വിഭജിച്ച് കമ്പനിയാക്കാൻ കടുത്ത സമ്മർദം കേന്ദ്രം ചെലുത്തി. ഇത് അതിജീവിച്ച് ഒറ്റസ്ഥാപനമായി നിലനിൽക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞത് സർക്കാരിന്റെ ഇച്ഛാശക്തിയും ജീവനക്കാരുടെ ഇടപെടൽശേഷിയും കൊണ്ടാണ്.
സമ്പൂർണ വൈദ്യുതീകരണം ഉൾപ്പെടെയുള്ള നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം. വിതരണനഷ്ടം രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കായ എട്ട് ശതമാനത്തിലേക്ക് താഴ്ത്താനായി. പൂർത്തിയാകില്ലെന്ന് കണക്കാക്കിയിരുന്ന ഇടമൺ–-കൊച്ചി പവർ ഹൈവേ പൂർത്തിയാക്കി. ഉപയോക്താക്കൾക്ക് അങ്ങേയറ്റം സൗകര്യമൊരുക്കുക പ്രധാനമാണ്. അതിനുതകുന്ന പ്രവർത്തനശൈലിയും സംസ്കാരവും ഓരോ ജീവനക്കാരനും വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.