കോഴിക്കോട് > എംഎസ്എഫ് നേതാക്കളുടെ അശ്ലീല പരാമർശത്തിനെതിരെ വനിതാകമീഷന് പരാതി നൽകിയ ‘ഹരിത’ പ്രവർത്തകർക്ക് കടിഞ്ഞാണിടാൻ മുസ്ലിം ലീഗ് നേതൃത്വം നിർദേശം നൽകുന്ന ശബ്ദരേഖ പുറത്ത്. എംഎസ്എഫിന്റെ വനിതാ വിഭാഗമാണ് ഹരിത. എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുൾ വഹാബിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹിലിയക്കെതിരാണ് പ്രധാനമായും ഇതിൽ പരാമർശം.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ഫാത്തിമ തെഹിലിയയെ പരിഗണിച്ചിരുന്നു. എന്നാൽ ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കി. ഇവരെ മൊത്തത്തിലൊന്ന് കടിഞ്ഞാണിടണമെന്നും ലീഗിനേക്കാളും മേലെ അഭിപ്രായവുമായി വരരുതെന്ന നിർദേശം എംഎസ്എഫിന് തന്നിട്ടുണ്ടെന്നും അബ്ദുൽ വഹാബ് പറയുന്നു.