ന്യൂഡൽഹി > വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ടാറ്റ അടക്കമുള്ള വ്യവസായികളെ വിമർശിച്ചത് മോദിസർക്കാരിനെ വെട്ടിലാക്കി. ഗോയലിന്റെ പ്രസംഗവീഡിയോ ഒളിപ്പിക്കാൻ നെട്ടോട്ടത്തിലാണ് കേന്ദ്രം. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(സിഐഐ) ചടങ്ങിലാണ് ഗോയൽ വ്യവസായികളെ വിമർശിച്ചത്.
എങ്ങനെയും ലാഭം ഉണ്ടാക്കാനും നിയമം മറികടക്കാനുമാണ് വ്യവസായികൾ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടാറ്റ കമ്പനി ചട്ടങ്ങൾ അനുസരിക്കാത്തത് വേദനിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. നിർദിഷ്ട ഇ–-കൊമേഴ്സ് ചട്ടങ്ങളോട് ടാറ്റ പ്രകടിപ്പിച്ച എതിർപ്പാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ആമസോണും ഫ്ലിപ്കാർട്ടും വിദേശനിക്ഷേപ ചട്ടം ലംഘിച്ചെന്നും മന്ത്രി പറഞ്ഞു.
പ്രസംഗത്തിന്റെ വീഡിയോ തടയാൻ സിഐഐയോട് സർക്കാർ ആവശ്യപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീഡിയോ പങ്കുവച്ച പലരുടെയും അക്കൗണ്ടുകളിൽ ഇപ്പോൾ ഇത് ലഭ്യമല്ല.
പ്രതികരിക്കാൻ ഗോയലിന്റെ ഓഫീസും സിഐഐയും തയ്യാറായില്ല. അതേസമയം, വ്യാപാരികളുടെ സംഘടന ഗോയലിനെ പിന്തുണച്ചു.