തിരുവനന്തപുരം > പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന “വീട് ഒരു വിദ്യാലയം’ പദ്ധതി സംസ്ഥാനതലത്തിൽ ആരംഭിച്ചു. കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും സർക്കാരും ചേർന്നുള്ള ഐക്യമുന്നണിയാണ് കോവിഡ് കാലത്ത് വിദ്യാഭ്യാസത്തെ മുന്നോട്ടുനയിക്കുന്നതെന്ന് പദ്ധതി ഉദ്ഘാടനംചെയ്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കുട്ടിയുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാക്കളുടെ സഹായത്തോടെ പഠനനേട്ടം ഉറപ്പാക്കുന്ന പദ്ധതിയാണ് ‘വീട് ഒരു വിദ്യാലയം.’ തിരുവനന്തപുരം മണക്കാട് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി എം ബി ആതിരയുടെ വീട്ടിലായിരുന്നു ഉദ്ഘാടനം. വീട്ടിൽ തയ്യാറാക്കിയ ലിറ്റ്മസ് പേപ്പർ ഉപയോഗിച്ച് ആസിഡും ആൽക്കലിയും തിരിച്ചറിയുന്ന ചെറിയ പരീക്ഷണം ചെയ്താണ് പദ്ധതിക്ക് തുടക്കമിട്ടത്.
കുട്ടികൾ അതതുകാലത്ത് ആവശ്യമായ ശേഷി നേടേണ്ടത് തുടർവിദ്യാഭ്യാസത്തിന് അത്യാവശ്യമാണ്. കോവിഡ് കാരണം കുട്ടികൾക്ക് വിദ്യാലയങ്ങളിൽനിന്നുള്ള പഠനാനുഭവം ലഭിക്കുന്നില്ല. അതിനാൽ വീട്ടിൽ പഠനാനുകൂല അന്തരീക്ഷം ഉറപ്പാക്കാൻ പദ്ധതി സഹായിക്കും. വിദ്യാഭ്യാസ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയിലാണ് പദ്ധതി നടപ്പാക്കുന്നത്.